വടകര: അമൃത് ഭാരത് പദ്ധതിയിൽ മാഹി റെയിൽവേ സ്റ്റേഷനും മുഖം മിനുക്കും. അഴിയൂർ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന റെയിൽവേ സ്റ്റേഷനിലെ യാത്രക്കാരേറെയും മാഹിയിലും സമീപ പ്രദേശങ്ങളിലുമുള്ളവരാണ്. റെയിൽവേ സ്റ്റേഷൻ പലപ്പോഴും അവഗണിക്കപ്പെട്ടതിനാൽ വികസന പ്രവർത്തനങ്ങൾ വേണ്ട രീതിയിൽ ഇവിടെ നടന്നിരുന്നില്ല. മാഹിയോട് തൊട്ടുകിടക്കുന്ന റെയിൽവേ സ്റ്റേഷൻ എന്ന നിലയിൽ പുതുച്ചേരി എന്ന പരിഗണനയിലാണ് മാഹിയെ ഇത്തവണ അമൃത് ഭാരത് പദ്ധതിയിൽ പരിഗണിച്ചത്. മാഹിക്ക് പരിഗണന ലഭിച്ചപ്പോൾ പ്രധാന സ്റ്റേഷനായ കൊയിലാണ്ടി പിന്തള്ളപ്പെട്ടു. രണ്ട് റെയിൽവേ സ്റ്റേഷനുകളുള്ള അപൂർവം ഗ്രാമ പഞ്ചായത്തുകളിലൊന്നാണ് അഴിയൂർ.
മുക്കാളി റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത് അഴിയൂർ പഞ്ചായത്തിലാണ്. കോവിഡിനുശേഷം മുക്കാളി റെയിൽവേ സ്റ്റേഷൻ അവഗണിക്കപ്പെട്ട് കിടക്കുകയാണ്. നേരത്തെ സ്റ്റോപ് ഉണ്ടായിരുന്ന പല ട്രെയിനുകൾക്കും നിലവിൽ ഇവിടെ സ്റ്റോപ്പില്ല. മാഹി സ്റ്റേഷന് വളരെ അടുത്തായതിനാൽ മുക്കാളിയിൽ സ്റ്റോപ് അനുവദിക്കാനാവില്ലെന്നാണ് റെയിൽവേ അധികൃതരുടെ നിലപാട്.
തലശ്ശേരിയുടെ തൊട്ടടുത്ത ടെമ്പിൾഗേറ്റ് ഹാള്‍ട്ടിങ് സ്റ്റേഷനിൽ കണ്ണൂർ-കോയമ്പത്തൂർ ട്രെയിനിന് സ്റ്റോപ് അനുവദിച്ചിട്ടുണ്ട്. വരുമാനത്തിലും ജനങ്ങൾക്ക് വേഗം എത്താനും കഴിയുന്ന മുക്കാളിയെ അവഗണിച്ചതിൽ പ്രതിഷേധം നിലനിൽക്കുന്നുണ്ട്. അമൃത് ഭാരത് പദ്ധതിയിൽ മാഹി റെയിൽവേ സ്റ്റേഷൻ വികസനത്തിന് 18 കോടി രൂപയോളമാണ് അനുവദിച്ചത്. വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാവുന്നതോടെ റെയിൽവേ സ്റ്റേഷന്റ മുഖച്ഛായമാറും. ആധുനിക സജ്ജീകരണങ്ങളോടെ മികച്ച സൗകര്യങ്ങളോടെയാണ് സ്റ്റേഷൻ വികസിപ്പിക്കുന്നത്. റെയിൽവേ കുളമടക്കം നവീകരിക്കാൻ പദ്ധതിയുണ്ട്. മാഹി, വടകര, തലശ്ശേരി സ്റ്റേഷനുകളാണ് പുതുതായി നവീകരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.