വടകര: എ.ടി.എം വിവരങ്ങളും പിന്‍നമ്പറും ചോര്‍ത്തി നടക്കുന്ന തട്ടിപ്പിനെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇതിെൻറ ഭാഗമായി വടകരയിലെ എ.ടി.എം സെൻററുകളില്‍ വ്യാഴാഴ്ച സൈബര്‍ രംഗത്തുള്ളവരും പൊലീസും സംയുക്തമായി പരിശോധന നടത്തി.
നിലവില്‍ എ.ടി.എമ്മുകള്‍ സുരക്ഷിതമാണ്. വടകര പൊലീസ് സ്റ്റേഷനില്‍ ഇത്തരം തട്ടിപ്പ് സംബന്ധിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഒരാള്‍ക്കു മാത്രമറിയാവുന്ന എ.ടി.എം പിന്‍നമ്പര്‍ ഉപയോഗിച്ച് നടത്തുന്ന തട്ടിപ്പ് ആസൂത്രിതമാണെന്നാണ് പൊലീസ് നിഗമനം.
ചിപ്പുള്ള എ.ടി.എം കാര്‍ഡുകളിൽനിന്ന് വിവരങ്ങള്‍ ചോര്‍ത്തല്‍ എളുപ്പമല്ല. ഇത്തരം തട്ടിപ്പുകള്‍ തടയാന്‍ എ.ടി.എം കാര്‍ഡിെൻറ പിന്‍നമ്പര്‍ ഇടക്കിടക്ക് മാറ്റുന്നത് ഗുണം ചെയ്യുമെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ ശനിയാഴ്ച മേപ്പയില്‍ സ്വദേശി അപര്‍ണയുടെ പണം നഷ്ടപ്പെട്ടതോടെയാണ് വിഷയം ശ്രദ്ധയില്‍ വരുന്നത്.
അപര്‍ണയുടെ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് രണ്ടുതവണ 10,000 രൂപ വീതം പിന്‍വലിച്ചതായി സന്ദേശം വന്നു. തെൻറ കൈയിലുള്ള കാര്‍ഡില്ലാതെ എങ്ങനെ പണം പിന്വലിച്ചുവെന്നറിയാന് ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടു. നെറ്റ് ബാങ്കിങ് സൗകര്യം ഒന്നുമില്ലാത്ത അക്കൗണ്ടാണിത്. തുടര്‍ന്നാണ് ഇത്തരം പരാതികള്‍ വേറെയും പുറത്തുവരുന്നത്. ഇത്തരത്തിലുള്ള തട്ടിപ്പിനിരയായവര്‍ ഏറെയുണ്ടാകാമെന്നാണ് കണക്കുകൂട്ടല്‍. എ.ടി.എമ്മിനകത്ത് തട്ടിപ്പുസംഘം പ്രത്യേക കാമറകള്‍ ഒരുക്കിയാവാം വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് നിഗമനം. ഈ സാഹചര്യത്തില്‍ എ.ടി.എം ഉപയോഗിക്കുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലിനെക്കുറിച്ച് കോഴിക്കോട് റൂറല്‍ ജില്ല പൊലീസ് ഡോ. എ. ശ്രീനിവാസ് വാര്‍ത്തക്കുറിപ്പിറക്കി.
- എ.ടി.എം സെൻററില്‍ പ്രവേശിക്കുമ്പോള്‍ കാര്‍ഡ് ഇന്സേര്ട്ട് ചെയ്യുന്ന ഭാഗത്ത് അസ്വാഭാവികമായ ഏതെങ്കിലും ഉപകരണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കുക.
- പിന് നമ്പര്‍ ഉപയോഗിക്കുമ്പോള്‍ പിന് നമ്പര്‍ കൈപ്പത്തികൊണ്ട് മറച്ചുപിടിക്കുക.
- എ.ടി.എം കാര്‍ഡുകള്‍ പി.ഒ.എസ് (പോയൻറ് ഓഫ് സെയില്‍ മെഷീന്) ഉപയോഗിക്കുമ്പോള്‍ ജാഗ്രത പാലിക്കുക.
- എ.ടി.എം പിന് നമ്പര്‍ ഇടക്കിടെ മാറ്റുക.
- എ.ടി.എം പിന് നമ്പര്‍ ആരുമായും പങ്കുവെക്കരുത്
- പണം പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ബാങ്കില്‍നിന്നു വരുന്ന മെസേജുകള്‍ ശ്രദ്ധിക്കുക.
- മൊബൈല്‍ ഫോണില്‍ വരുന്ന അനാവശ്യ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.