വടകര: മൂരാട് പുതിയ പാലം ഗതാഗതത്തിന് തുറന്നതോടെ പഴയ പാലം ചരിത്രത്തിന്റെ ഭാഗമാവുന്നു. 1940ൽ ഗതാഗതത്തിന് തുറന്നുകൊടുത്ത പാലം 84 വയസ്സ് പിന്നിടുമ്പോഴാണ് പുതിയ പാലം യാഥാർഥ്യമായത്. 1,72,600 രൂപ ചെലവിലാണ് അന്ന് പഴയ പാലം പണിതത്. അതേസമയം, പുതിയ പാലം നിർമാണത്തിനും അപ്രോച്ച് റോഡിന്റെ ഭൂമി ഏറ്റെടുക്കലിനുമായി 210 കോടി രൂപയിലധികമാണ് ചെലവഴിച്ചത്.
മൂരാട് പാലംവഴി വാഹനത്തില്‍ കടന്നുപോകുന്നവര്‍ കാല്‍നടക്കാരെ കുറിച്ച് ചിന്തിച്ചിട്ടുണ്ടാവില്ല. കാരണം പാലത്തിലൂടെ ഒരിക്കലും നടന്നുപോകുന്നവരെ കണ്ടിട്ടുണ്ടാവില്ല. ഈ പാലം നിർമിക്കുമ്പോള്‍ തന്നെ കാല്‍നട യാത്രക്കാരെ പരിഗണിച്ചിരുന്നില്ല. അതിനായുള്ള സ്ഥലം അനുവദിച്ചിരുന്നില്ല.
ഉള്ള സ്ഥലത്ത് വാഹനങ്ങള്‍ കടന്നുപോകാന്‍ പെടാപ്പാട്പെടുന്നതിനിടയില് കാല്‍നടക്കാരുടെ കാര്യം കഷ്ടമായിരുന്നു. പാലത്തിന്റ സമീപവാസികള്‍ നടപ്പാതയില്ലാത്തതിനാല്‍ വൻ പ്രയാസമാണ് അനുഭവിച്ചിരുന്നത്.
പാലത്തില്‍ വര്‍ഷം തോറും അറ്റകുറ്റപ്പണികള്‍ നടക്കുക പതിവാണ്. എന്നാല്‍, കണ്ണുചിമ്മി തുറക്കുന്നതോടെ റീടാറിങ് തകരുന്ന അവസ്ഥയായിരുന്നു. കന്യാകുമാരി മുതല്‍ മുംബൈ വരെയുള്ള ചരക്കുകള്‍ കടന്നുപോകുന്നത് ഇതുവഴിയായിരുന്നു. ടാറിങ് ഇളകിപ്പോവുകയല്ലാതെ മറ്റ് പ്രശ്നങ്ങൾ ഒന്നുംതന്നെ പാലത്തിന് ഇതുവരെ ഉണ്ടായിട്ടില്ല. മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക് പലപ്പോഴും മണിക്കൂറുകൾ നീണ്ടുപോയിരുന്നു. ഇടക്കിടെ പാലത്തിൽ കുടുങ്ങുന്ന വലിയ വാഹനങ്ങൾ ഉണ്ടാക്കിയിരുന്ന യാത്രാപ്രശ്നം വേറെയും.
മൂരാട് പാലത്തിന് സമീപമുള്ള കുരുക്ക് ഒഴിവാക്കാന്‍ പയ്യോളിയില്‍നിന്ന് മണിയൂര്‍ വഴി തിരിച്ചുവിടുകയായിരുന്നു പതിവ്. ഇതോടെ മണിയൂര്‍ പഞ്ചായത്തിലെ റോഡുകളിലും ഗതാഗതക്കുരുക്ക് രൂപപ്പെടുമായിരുന്നു. പുതിയ പാലം വന്നതോടെ ഇതിനെല്ലാമാണ് അവസാനമാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.