വടകര: ദേശീയപാത നിർമാണത്തിന്റെ ഭാഗമായി റോഡുയാത്ര ദുഃസ്സഹമായതോടെ യാത്രക്കാർ ട്രെയിനുകളെ കൂടുതൽ ആശ്രയിക്കാൻ തുടങ്ങി. എന്നാൽ, ട്രെയിനുകളിൽ നിന്നുതിരിയാനിടമില്ലാത്ത അവസ്ഥയാണ്. ആവശ്യത്തിന് ട്രെയിനുകളില്ലാത്തതും ജനറൽ കമ്പാർട്ട്മെന്റുകൾ കുറഞ്ഞതുമാണ് യാത്രക്കാരെ വലക്കുന്നത്. വടക്കൻ കേരളത്തിലുള്ളവർ കച്ചവടം, വിദ്യാഭ്യാസം, ചികിത്സ തുടങ്ങിയ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്ന രണ്ടു പ്രധാനനഗരങ്ങളാണ് കോഴിക്കോടും മംഗളൂരുവും. എന്നാൽ, തിരക്കേറിയ സമയങ്ങളിൽ നിലവിൽ ആവശ്യത്തിന് ട്രെയിനുകളില്ല. ഉള്ള ട്രെയിനുകളിലാവട്ടെ നല്ല തിരക്കുമാണ്.
കോഴിക്കോടിനും കണ്ണൂരിനുമിടയിൽ വടക്കോട്ടേക്കുള്ള അവസാന പ്രതിദിന ട്രെയിൻ വൈകീട്ട് 5.10 നാണ്. ഈ ട്രെയിനിൽ ഒരു ജനറൽ കമ്പാർട്ട്മെൻറ് മാത്രമാണുള്ളത്. യാത്രക്കാരുടെ തള്ളിക്കയറ്റത്തിൽ വാതിലിൽ തൂങ്ങിയുള്ള അപകടയാത്ര സ്ഥിരംകാഴ്ചയാണ്. അടുത്ത പ്രതിദിന ട്രെയിൻ എട്ട് മണിക്കൂറിനുശേഷം മാത്രമാണുള്ളത്, പുലർച്ച 1.10നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്.
ഷൊർണൂരിനും കണ്ണൂരിനുമിടയിൽ പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ ട്രെയിൻ കണ്ണൂരിൽ യാത്ര അവസാനിപ്പിക്കുന്നതിനാൽ തുടർയാത്രക്കാർ പെരുവഴിയിലാണ്. ഷൊർണൂർ-കണ്ണൂർ സ്പെഷൽ ട്രെയിൻ മഞ്ചേശ്വരത്തേക്ക് നീട്ടിയാൽ യാത്രക്കാർക്ക് ഗുണകരമാവുമെങ്കിലും നടപടികളില്ല. ദേശീയപാതയിലെ ദുരിതയാത്ര ദിനംപ്രതി രൂക്ഷമാവുകയാണ്. റോഡുവഴി സഞ്ചരിച്ചാൽ സമയക്രമം പാലിക്കാൻ പറ്റാത്ത സ്ഥിതിയാണ്.
മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ യാത്രക്കാർ വലയുന്നത് പതിവായതോടെയാണ് യാത്ര കൂടുതലും ട്രെയിനിലേക്ക് മാറ്റുന്നത്. അടുത്തിടെ യാത്രക്കാരിലുണ്ടായ വൻവർധന മിക്ക സ്റ്റേഷനുകളെയും ലാഭത്തിലേക്ക് ഉയർത്തിയിട്ടുണ്ടെങ്കിലും പുതിയ ട്രെയിനുകളോ കമ്പാർട്ട്മെന്റുകളോ അനുവദിക്കാൻ റെയിൽവേ തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.