വടകര: ദേശീയപാതയിൽ സർവിസ് റോഡ് പ്രവൃത്തി പൂർത്തിയാവാതെ പ്രധാനപാത ഗതാഗതത്തിന് തുറന്നത് അപകടക്കുരുക്കാവുന്നു. പുതുപ്പണം ദേശീയപാതയിലേക്ക് അരവിന്ദ് ഘോഷ് റോഡ് പാലയാട് നട ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾക്കും വടകര ഭാഗത്തേക്കുള്ള മെയിൻ റോഡിൽ പ്രവേശിക്കാൻ അരവിന്ദ് ഘോഷ് റോഡിനു സമീപം മാത്രമാണ് നിലവിൽ സൗകര്യമുള്ളത്.
അശ്രദ്ധമായി ഇതുവഴി പ്രധാന പാതയിലേക്ക് വാഹനം പ്രവേശിച്ചാൽ അപടത്തിൽപെടുമെന്നുറപ്പാണ്. ചൊവ്വാഴ്ച രാവിലെ രണ്ട് അപകടങ്ങളാണ് ഇവിടെയുണ്ടായത്.
രണ്ട് കാറുകൾ കൂട്ടിയിടിച്ചും റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ വിദ്യാർഥിയെ വാഹനമിടിച്ചും അപകടമുണ്ടായി. അരവിന്ദ് ഘോഷിലൂടെ വന്ന കാർ മെയിൻ റോഡിലേക്ക് കടക്കുന്നതിനിടയിൽ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. ഇടിയേറ്റ കാറിൽ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്.
വൻ അപകടം ഒഴിവായി. സർവിസ് റോഡിൽനിന്ന് പ്രധാന പാതയിലേക്ക് കടക്കാൻ സുരക്ഷിതമായ വഴിയില്ലാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്. പാലയാട്നട, അരവിന്ദ് ഘോഷ് റോഡ് എന്നിവിടങ്ങളിൽനിന്ന് വരുന്ന വാഹനങ്ങൾക്ക് സർവിസ് റോഡിലൂടെ പഴയ ചീനംവീട് യു.പി സ്കൂളിനു സമീപം ദേശീയ പാതയിലേക്ക് കടക്കാമെങ്കിലും പണി പൂർത്തിയാവാത്തതാണ് വിനയാവുന്നത്. ഈ ഭാഗത്ത് റോഡ് മുറിഞ്ഞുകിടക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാൻ കഴിയില്ല.
നിയമപ്രകാരമുള്ള ഗതാഗത സംവിധാനമല്ല ഇവിടെ ഒരുക്കിയിട്ടുള്ളത്. പാലയാട്ട് നട, അരവിന്ദ് ഘോഷ് റോഡ് എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ മൂരാട് പാലം കടന്ന് വടകര ഭാഗത്തേക്കുള്ള ദേശീയ പാതയിലേക്ക് കടന്നുപോവുന്ന രീതിയാണ് നിയമപരം.
ഏറെ ദൂരം ചുറ്റി സഞ്ചരിച്ചുള്ള യാത്രയായതിനാൽ ഇത് ഒഴിവാക്കിയാണ് നിലവിൽ ദേശീയപാതയിലേക്ക് പോക്കറ്റ് റോഡിൽ നിന്നും വാഹനങ്ങൾ പ്രവേശിക്കുന്നത്. ഇതാണ് അപകടക്കുരുക്കിനിടയാക്കുന്നത്. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ ഇവിടെ അപകടത്തിൽപെടുന്നത് പതിവാണ്. ഈ ഭാഗത്ത് സുരക്ഷിത പാത ഒരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.