വടകര: ദേശീയപാത വികസനം ദ്രുതഗതിയിൽ പുരോഗമിക്കുന്ന പുതുപ്പണം ഭാഗത്ത് യാത്ര ദുരിതമാകും. ദേശീയപാത 66ന്റെ വികസനത്തോടനുബന്ധിച്ച് മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയിലുള്ള നാലര കിലോമീറ്റർ ദൂരത്തെ ജനങ്ങളുടെ യാത്ര തടസ്സപ്പെടുന്നരീതിയിലാണ് ദേശീയപാത നിർമാണം നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
നിലവിലെ പ്ലാൻ പ്രകാരം വികസനം യാഥാർഥ്യമാവുമ്പോൾ റോഡിന് ഇരുവശത്തുമുള്ളവർക്ക് പരസ്പരം ബന്ധപ്പെടാൻ പറ്റാത്ത സാഹചര്യമാണുള്ളത്. യാത്ര സുഗമമാക്കാൻ ഈ ഭാഗത്ത് അടിപ്പാത, മേൽപാലം, നടപ്പാത തുടങ്ങിയവ ഒന്നുംതന്നെ അനുവദിച്ചിട്ടില്ല.
ജെ.എൻ.എം ഹയർ സെക്കൻഡറി സ്‌കൂൾ, ആയുർവേദ ആശുപത്രി, ചീനംവീട് യു.പി സ്കൂൾ, ബി.എഡ് കോളജ്, ചീനം വീട് ജെ.ബി സ്കൂൾ, ബാങ്ക്, പോസ്റ്റ് ഓഫിസ്, എസ്.പി ഓഫിസ്, ഇറിഗേഷൻ ഓഫിസുകൾ, മണിയൂർ എൻജിനീയറിങ് കോളജ്, നവോദയ സ്കൂൾ, പുതുപ്പണം ഗ്രന്ഥാലയം, നിരവധി കളരിസംഘങ്ങൾ, ഇതര സർക്കാർ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, ശ്മശാനങ്ങൾ തുടങ്ങി ജനങ്ങൾ ദൈനംദിനം ബന്ധപ്പെടേണ്ട നിരവധി സ്ഥാപനങ്ങളടക്കം നിലനിൽക്കുന്ന വടകര പട്ടണത്തോട് ചേർന്ന പ്രധാന കേന്ദ്രങ്ങളിലൊന്നാണ് പുതുപ്പണം.
നൂറുകണക്കിന് കുടുംബങ്ങളാണ് ദേശീയപാതയുടെ ഇരുഭാഗങ്ങളിലുമായി താമസിക്കുന്നത്. ദൈനംദിന ഗതാഗതം തീരാദുരിതത്തിലാവുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ഇതുസംബന്ധിച്ച് ജനപ്രതിനിധികൾക്ക് നിരവധി പരാതികളാണ് നൽകിയത്.
എന്നാൽ, പ്രവൃത്തി തുടങ്ങി ഏറെ കഴിഞ്ഞിട്ടും പ്രശ്നപരിഹാരമുണ്ടായിട്ടില്ല. യാത്രാപ്രശ്നത്തിന് പരിഹാരമുണ്ടാക്കാൻ ജനകീയസമിതിക്ക് നാട്ടുകാർ രൂപംനൽകിയിട്ടുണ്ട്. പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് തീരുമാനം. വെള്ളിയാഴ്ച വൈകീട്ട് 3.30ന് അരവിന്ദ് ഘോഷ് റോഡ് പരിസരത്ത് ജനകീയസമര സായാഹ്നം നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.