വടകര: ദേശീയപാത നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകൾക്ക് കേടുപാട് സംഭവിച്ചാൽ 24 മണിക്കൂറിനകം പരിഹരിക്കാൻ ആർ.ഡി.ഒ വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനം. അഴിയൂർ മുതൽ മൂരാട് വരെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ഉയർന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് യോഗം വിളിച്ചത്.
കുഞ്ഞിപ്പള്ളിയിൽ ഉയരപ്പാത, മടപ്പള്ളി -നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളിൽ അടിപ്പാത, പാലയാട്ട് നടയിൽ ഫൂട്ട് ഓവർ ബ്രിഡ്ജ് എന്നിവ വേണമെന്ന് വിവിധ ആക്ഷൻ കമ്മിറ്റികളുടെ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു. യോഗത്തിൽ ഉയർന്ന വിഷയങ്ങൾ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. തലശ്ശേരി- മാഹി ബൈപാസിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കാനുള്ള നടപടി ഊർജിതപ്പെടുത്തണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു.
ലൈറ്റുകൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രതിനിധി അറിയിച്ചു. സർവിസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചാൽ കാലതാമസമില്ലാതെ പൂർത്തിയാക്കാനും യോഗത്തിൽ തീരുമാനമായി. പലയിടങ്ങളിലും സർവിസ് റോഡുകൾ തകർന്നുകിടക്കുന്നത് ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി.
ചോമ്പാൽ ബംഗ്ലാവിൽ ഭാഗത്ത് നിർമിച്ച അഴുക്കുചാലിൽ വെള്ളം പുറത്തേക്ക് പോകാനായി പൈപ്പ് ലൈൻ സംവിധാനം ഒരുക്കുമെന്ന് കരാർ കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. ദേശീയപാത നിർമാണ കമ്പനിക്കെതിരെ രൂക്ഷമായ വിമർശനമാണ് യോഗത്തിൽ ഉയർന്നത്.
കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ പി. സജിത് കുമാർ,ആർ.ഡി.ഒ അൻവർ സാദത്ത്, സതീശൻ കുരിയാടി, എം.സി. വടകര, വടയക്കണ്ടി നാരായണൻ, പ്രദീപ് ചോമ്പാല, സി. രാമകൃഷ്ണൻ, കെ. പ്രകാശൻ, കെ. സോമശേഖരൻ, തഹസിൽദാർ സുരേഷ് ചന്ദ്രബോസ്, ലാൻഡ് അക്വിസിഷൻ തഹസിൽദാർ എം. രേഖ, ദേശീയപാത എൻജിനീയർ തേജ്പാൽ, വിവിധ ആക്ഷൻ കമ്മിറ്റി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.