വടകര: ദേശീയപാത വികസനത്തിെൻറ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന കുടുംബങ്ങളുടെ പുനരധിവാസം ഫയലിൽ കുടുങ്ങിയതോടെ നൂറുകണക്കിന് കുടുംബങ്ങള്‍ പെരുവഴിയിലേക്ക്. ദേശീയപാത സ്ഥലമെടുപ്പ് നടപടികൾ ദ്രുതഗതിയിൽ മുന്നോട്ടുനീങ്ങുമ്പോഴാണ് എങ്ങോട്ടുപോകണമെന്നറിയാതെ കുടുംബങ്ങൾ കണ്ണീരോടെ കഴിയുന്നത്. ഉപജീവനം നഷ്ടപ്പെടുന്ന കച്ചവടക്കാരും ആശങ്കയിലാണ്.
അഴിയൂര്‍ -വെങ്ങളം ദേശീയപാത വികസനത്തിെൻറ ഭാഗമായി അഴിയൂര്‍ മുതല്‍ മൂരാട് വരെ 600 വീടുകളും 2400 കടകളും ഒഴിപ്പിക്കപ്പെടും. ഇതില്‍ 20 ശതമാനം ആളുകള്‍ ഇനിയും നഷ്ടപരിഹാരം കിട്ടാനുള്ള വിവിധ രേഖകള്‍ സമര്‍പ്പിക്കാന്‍ കഴിയാതെ നെട്ടോട്ടമോടുകയാണ്.
നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്തിയേ കുടിയൊഴിപ്പിക്കാന്‍ പാടുള്ളൂ എന്ന നിയമം നിലനില്‍ക്കെയാണ് സമ്മർദംചെലുത്തി ഒഴിപ്പിക്കുന്നതായി പരാതി ഉയരുന്നത്. പതിറ്റാണ്ടുകളായുള്ള താമസക്കാരെയും കച്ചവടക്കാരുടെയും പുനരധിവാസം ഉറപ്പാക്കുമെന്ന് പ്രഖ്യാപനം ഉണ്ടായെങ്കിലും നടപ്പിലാക്കുന്നതിൽ വീഴ്ചവരുത്തുകയാണ്.
ദേശീയപാത വികസനത്തിെൻറ ആദ്യഘട്ടത്തിൽ 12 സെൻറ് സ്ഥലവും വീടും നഷ്ടപ്പെട്ടവരിൽ ഒരാളാണ് മുക്കാളി എൽ.പി സ്കൂളിന് സമീപം താമസിക്കുന്ന പുലകുനി രോഹിണി. അവശേഷിക്കുന്ന മൂന്നു സെൻറ് സ്ഥലത്തെ കൂരയാണ് ഇവർക്ക് നഷ്ടപ്പെടുന്നത്. ഞാൻ ഇനി എങ്ങോട്ടുപോകണമെന്നാണ് രോഹിണി ചോദിക്കുന്നത്. നാല് സെൻറ് ഭൂമിയും വീടും മുമ്പ് റോഡ് വികസനത്തിന് പോയപ്പോള്‍ നിര്‍മിച്ച വീടും ശേഷിച്ച അഞ്ച് സെൻറ് ഭൂമിയും വീണ്ടും നഷ്ടപ്പെടുകയാണ് പിലാവുള്ളതില്‍ കുമാരനും കുടുംബത്തിനും. ഇനി എങ്ങോട്ട് പോകും എന്ന ആശങ്കയിലാണ് ഈ കുടുംബവും. ഇങ്ങനെ നിരവധി കുടുംബങ്ങളാണ് സ്ഥലമെടുപ്പിെൻറ ഭാഗമായി കുടിയിറങ്ങേണ്ടിവരുന്നത്.
ഭൂമി ഏറ്റെടുക്കൽവഴി ലഭിക്കുന്ന നാമമാത്ര തുകകൊണ്ട് വീട് എന്ന സ്വപ്നം യാഥാർഥ്യമാക്കാൻ ഇവർക്ക് കഴിയില്ല. കച്ചവടക്കാർക്കും തൊഴിലാളികൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന വ്യവസ്ഥയിരിക്കെ കുടിയൊഴിഞ്ഞുപോകാൻ നിർബന്ധിക്കുന്നതായി വ്യാപാരികൾ പറയുന്നു.
കടമുറികൾ നഷ്ടപ്പെടുന്ന കച്ചവടക്കാരെ കുറിച്ചോ തൊഴിലാളികളുടെയോ കണക്കുപോലും ഇതുവരെ ശേഖരിക്കാൻ ലാൻഡ് അക്വിസിഷൻ ഓഫിസുകൾക്ക് കഴിഞ്ഞില്ലെന്നത് ആശങ്ക ഉയർത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.