വടകര നഗരസഭയുടെ സ്വപ്നപദ്ധതിയായ നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയായിട്ടും മുറികൾ ലേലത്തിനെടുക്കാൻ ആളില്ല
വടകര: നഗരസഭയുടെ സ്വപ്നപദ്ധതിയായ നഗരസഭ ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ് നിർമാണം പൂർത്തിയായെങ്കിലും മുറികൾ ലേലത്തിനെടുക്കാൻ ആളില്ല. രണ്ട് തവണ ലേലം നടത്തിയെങ്കിലും ഒരുമുറി പോലും ലേലത്തിൽ പോയില്ല. ലേല തുകയിലുണ്ടായ വൻ വർധനവാണ് ആവശ്യക്കാരെ പിറകോട്ടടിപ്പിച്ചത്.
ഒരു മുറിക്ക് 10 ലക്ഷവും അഞ്ചുമുറികൾക്ക് തുല്യമായ വിസ്തീർണമുള്ള മുറികൾക്ക് 32 ലക്ഷവുമാണ് ഡെപ്പോസിറ്റായി നഗരസഭ കണക്കാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ലേല നടപടികൾ. രണ്ടുതവണ ഇതിനായി പത്ര പരസ്യവും നൽകി. നഗരത്തിൽ ഇതിലും കുറഞ്ഞ ഡെപ്പോസിറ്റിലും വാടകയിലും കെട്ടിടങ്ങളുണ്ടായിരിക്കേയാണ് നഗരസഭ വൻതുക നിശ്ചയിച്ചത്.
രണ്ടു തവണയും ആരും ലേലത്തിൽ പങ്കെടുക്കാതായതോടെ വിഷയം ചർച്ച ചെയ്യാൻ നികുതി ധനകാര്യ സ്ഥിരംസമിതിക്ക് വിട്ടിരിക്കുകയാണ്. കോംപ്ലക്സിൽ 53 മുറികളാണുള്ളത്. നഗരസഭ ഓഫിസിനുപുറമെ അനുബന്ധ ഓഫിസുകളും ഇവിടെ പ്രവർത്തിക്കും.
ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയായിരുന്ന ഷോപ്പിങ് കോംപ്ലക്സ് നിർമാണം ഏറെ കടമ്പകൾ കടന്നാണ് നഗരസഭ പൂർത്തീകരിച്ചത്. 2009ൽ നഗരസഭ 4.43 കോടി രൂപ എസ്റ്റിമേറ്റിൽ ആവിഷ്കരിച്ച പദ്ധതിയാണ് ഓഫിസ് കം ഷോപ്പിങ് കോംപ്ലക്സ്. ഇതുപ്രകാരം പ്രവൃത്തി തുടങ്ങിയെങ്കിലും 2011ൽ നിലച്ചു. എസ്റ്റിമേറ്റ് പുതുക്കാതെ പ്രവൃത്തി തുടങ്ങില്ലെന്ന് കരാറുകാരൻ വാദിച്ചതോടെ പ്രതിസന്ധിയായി.
ഏറെക്കാലം പാതിവഴിയിലായ കെട്ടിടം കാടുമൂടിക്കിടന്നു. പിന്നീട് കരാറുകാരനെ ഒഴിവാക്കി കെട്ടിടനിർമാണം പുതുക്കിയ എസ്റ്റിമേറ്റിൽ പൂർത്തിയാക്കാൻ തീരുമാനമായി. 8.59 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി പുതിയ ടെൻഡർ വിളിച്ച് പ്രവൃത്തി പുനരാരംഭിച്ചത് 2019ലാണ്. കോവിഡ് പ്രതിസന്ധി ഉൾപ്പെടെയുള്ളവയെ തരണം ചെയ്താണ് ദ്രുതഗതിയിൽ നിർമാണം പൂർത്തീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.