വടകര: താമസസ്ഥലത്തുനിന്ന് മാലിന്യം വലിച്ചെറിയാൻ ഇറങ്ങിയ ഇതരസംസ്ഥാനക്കാരെ നഗരസഭ ആരോഗ്യവിഭാഗം പിന്തുടർന്ന് പിടികൂടി. മേപ്പയിൽ പച്ചക്കറിമുക്കിൽ കുനിയിൽ ഭാസ്കരെൻറ ഉടമസ്ഥതയിലുള്ള കെ.പി ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൊഴിലാളികളെയാണ് വടകര നഗരസഭ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാറും സംഘവും പിടികൂടിയത്. ബുധനാഴ്ച പുലർച്ച അഞ്ചിന് മുനിസിപ്പൽ പാർക്കിന് സമീപത്താണ് പിടികൂടിയത്.
ആരോഗ്യവിഭാഗത്തിെൻറ രാത്രിപരിശോധനയിൽ പച്ചക്കറി മുക്കിൽ സഞ്ചിയിലാക്കിയ മാലിന്യവുമായി സംശയാസ്പദ സാഹചര്യത്തിൽ ബംഗാൾ സ്വദേശികളായ ഇവരെ കാണുകയായിരുന്നു.
മുനിസിപ്പൽ വാഹനം കണ്ടപ്പോൾ ആരോഗ്യവിഭാഗത്തെ കബളിപ്പിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിന്തുടർന്ന് പാർക്കിന് സമീപത്തുവെച്ച് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. പിടിച്ചെടുത്ത മാലിന്യം ഇവരെക്കൊണ്ട് തന്നെയെടുപ്പിച്ച് സ്ഥാപന ഉടമക്ക് നൽകി. നോട്ടീസും നൽകി.
ക്വാർട്ടേഴ്സിൽ മാലിന്യം നീക്കാൻ സംവിധാനം ഇല്ലാത്തതിനാൽ തൊഴിലാളികൾ ഇവ വലിച്ചെറിയാൻ നിർബന്ധിതരാവുകയായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. അടിസ്ഥാനസൗകര്യവും മാലിന്യസംസ്കരണ സംവിധാനങ്ങളും ഇല്ലാതെ ആൾക്കാരെ താമസിപ്പിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും ഉടമക്കെതിരെ നടപടി കൈക്കൊള്ളുമെന്നും നഗരസഭ സെക്രട്ടറി മനോഹർ അറിയിച്ചു. നഗരസഭ സ്ക്വാഡ് പ്രവർത്തനത്തിൽ സുമേഷ്, സുധാകരൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.