വടകര: വാഹനാപകടത്തിൽ പരിക്കേറ്റ യുവാവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് ഒടുവിൽ പരാതിക്കാരനെ പ്രതിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതേത്തുടർന്ന് കോടതിയിൽ സ്വകാര്യ അന്യായം നൽകിയ യുവാവിന്റെ പരാതിയിൽ കേസെടുത്ത് കോടതി. തോടന്നൂർ അമ്പലമുക്കിലെ മൊയിലോത്ത് പറമ്പത്ത് രാജേഷ് (48) നൽകിയ പരാതിയിലാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ചെരണ്ടത്തൂർ സ്വദേശി കൊല്ലൻകണ്ടി സലീമിനെതിരെ (46) കേസെടുത്തത്. സലീം മാർച്ച് 18ന് കോടതി മുമ്പാകെ ഹാജരാകണം.
2022 ഡിസംബർ ഏഴിന് രാവിലെ 9.15ഓടെ സ്കൂട്ടറിൽ തോടന്നൂരിൽനിന്ന് അമ്പലമുക്കിലേക്ക് പോകുകയായിരുന്ന രാജേഷിനെ കുഞ്ഞിക്കണ്ടി പീടികക്ക് സമീപംവെച്ച് സലീം ഓടിച്ച കാർ ഇടിക്കുകയായിരുന്നു. രാജേഷിന്റെ മുൻഭാഗത്തെ രണ്ട് പല്ലുകൾ പൊട്ടിപ്പോകുകയും സാരമായി പരിക്കേൽക്കുകയുമുണ്ടായി.
വടകര ഗവ. ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്ന രാജേഷിന്റെ പരാതിയിൽ വടകര പൊലീസ് കേസെടുത്തെങ്കിലും രാജേഷിന്റെ സ്കൂട്ടർ കാറിനിടിച്ചെന്ന നിഗമനത്തിൽ രാജേഷിനെതിരെ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. രാജേഷിന്റെയും രണ്ടു ദൃക്സാക്ഷികളുടെയും മൊഴിയെടുക്കുകയും ആശുപത്രി രേഖകൾ പരിശോധിക്കുകയും ചെയ്ത കോടതി സലീമിനെതിരെ കേസെടുക്കുകയായിരുന്നു. രാജേഷിനുവേണ്ടി അഭിഭാഷകരായ പി.പി. സുനിൽ കുമാർ, ഹരിത സത്യൻ, അർഷിന നാണു എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.