വടകര: മൂന്നു ദിവസമായി കണ്ണൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിവന്ന സമരം പിൻവലിച്ചു. കെ.കെ. രമ എം.എൽ.എയുമായി തൊഴിലാളികൾ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിച്ചത്. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് രൂപപ്പെട്ട വെള്ളക്കെട്ടും കുഴികളും അടക്കണമെന്ന തൊഴിലാളികളുടെ പ്രധാന ആവശ്യം യോഗത്തിൽ അംഗീകരിച്ചു.
ദേശീയപാത അതോറിറ്റി റീജനൽ ഓഫിസറുമായി എം.എൽ.എ നടത്തിയ ചർച്ചയിൽ പാതയിലെ വലിയ കുഴികൾ രണ്ടു ദിവസത്തിനകം അടച്ച് ഗതാഗത യോഗ്യമാക്കാമെന്ന് ഉറപ്പുനൽകി. വടകര പെരുവാട്ടുംതാഴ ജങ്ഷനിൽ പഴയ സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് യു ടേൺ എടുക്കുന്ന സ്ഥലത്തുണ്ടാകുന്ന ഗതാഗത തടസ്സം ഒഴിവാക്കാൻ പാലത്തിന് അടിയിലൂടെ വഴിയൊരുക്കാനുള്ള നടപടികൾ പരിശോധിച്ച് നടപടി സ്വീകരിക്കും. ദേശീയപാതയിലെ വെള്ളക്കെട്ട് അടക്കമുള്ള വിഷയങ്ങളിൽ അടിയന്തരമായി പരിഹാരം കാണുമെന്നും ദേശീയപാത അതോറിറ്റി അറിയിച്ചു.
നേരത്തെ ആർ.ഡി.ഒ ഓഫിസിൽ നാഷനൽ ഹൈവേ അതോറിറ്റി ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട വകുപ്പ്തല ഉദ്യോഗസ്ഥരുടെയും പ്രത്യേക യോഗം എം.എൽ.എ വിളിച്ചുചേർത്തിരുന്നു. വിഷയം എം.എൽ.എ നിയമസഭയിലും അവതരിപ്പിച്ചിരുന്നു.
മടപ്പള്ളി കോളജിനടുത്ത് വിദ്യാർഥിനികളെ ബസ് ഇടിച്ച സംഭവത്തിൽ ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കിയിരുന്നു. ബസ് പണിമുടക്കിൽ നടപടി റദ്ദ് ചെയ്യണമെന്ന ആവശ്യവും തൊഴിലാളികൾ ഉയർത്തി. വകുപ്പ് തലത്തിൽ സ്വീകരിച്ച നടപടിയായതിനാൽ ഇത് സംബന്ധിച്ച് യോഗത്തിൽ തീരുമാനമായില്ല. മിന്നൽ പണിമുടക്കിനെതിരെ സംയുക്ത ട്രേഡ് യൂനിയൻ രംഗത്തുവരുകയും ബസ് ഓടിക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് എം.എൽ.എ തൊഴിലാളികളെ അനുരഞ്ജന ചർച്ചക്ക് വിളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.