വടകര: കാലം തെറ്റി പെയ്ത മഴയിൽ ചെരണ്ടത്തൂർ ചിറയിൽ ആശങ്കയൊഴിയാതെ കർഷകർ. താലൂക്കിലെ നെല്ലറ എന്നറിയപ്പെടുന്ന ചെരണ്ടത്തൂർ ചിറയിൽ കഴിഞ്ഞ ദിവസങ്ങളിൽ തോരാതെ പെയ്ത കനത്ത മഴ കർഷകർക്ക് കണ്ണീരായി മാറുകയായിരുന്നു.
പ്രധാന പാടശേഖരങ്ങളിൽ വെള്ളം കയറിയതോടെ നിലവിലുള്ള കൃഷിയും കൃഷിക്കൊരുക്കിയ പാടങ്ങളും വെള്ളത്തിലായി. കൃഷി തുടങ്ങുകയും ഞാറുനടാനായി പാടം ഒരുക്കുകയും ചെയ്തവർ അപ്രതീക്ഷിത മഴയിൽ കുഴങ്ങിയിരിക്കുകയാണ്.
100 ഏക്കറോളം സ്ഥലത്താണ് ഇവിടെ ഞാറുനട്ടത്. വെള്ളം കയറിയതോടെ ഇവ നശിക്കുന്ന സ്ഥിതിയിലാണ്. മുൻ വർഷങ്ങളിൽ കൃഷിയിൽ നഷ്ടമുണ്ടായവർ വലിയ പ്രതീക്ഷയിലാണ് ഇവിടെ കൃഷി ആരംഭിച്ചത്. ചിറയിലെ വെള്ളം വറ്റിച്ചാണ് കൃഷിയിറക്കിയത്. ഈ പാടങ്ങളിലാണ് വെള്ളം കയറിയത്. നടുത്തോടിൽ വെള്ളം പൊങ്ങി ഉപ്പുവെള്ളം കയറുന്ന നിലയുള്ളതിനാൽ തോട് ബണ്ടുകെട്ടി അടച്ചതാണ്.
ഇതിനാൽ മഴവെള്ളം ഒന്നും ചെയ്യാനാവാത്ത സ്ഥിതിയാണ്. വീണ്ടും മഴ പെയ്യുകയോ കയറിയ വെള്ളം ഒഴുക്കിവിടാൻ പറ്റാതാവുകയോ ചെയ്താൽ ഇത്തവണ വൻ നാശമാവുമെന്നാണ് കർഷകർ പറയുന്നത്.
40 എച്ച്.പിയുടെ മോട്ടോർ ഉപയോഗിച്ച് വെള്ളം പുഴയിലേക്ക് ഒഴുക്കുന്നുണ്ട്. ഇത് പര്യാപ്തമല്ല. ജനുവരി ആദ്യം കൃഷി ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് കർഷകർ ഞാറ്റടി തയാറാക്കിയത്. 25 ദിവസത്തിനുള്ളിൽ ഞാറു നടണം. കൃഷി വൈകിയാൽ വിളവെടുപ്പിനെയും ബാധിക്കും.വേനൽ മഴ ചതിച്ചാൽ കർഷകന് ഇടിത്തീയാകും. അപ്രതീക്ഷിതമായി പെയ്ത കനത്ത മഴ എല്ലാം തകിടം മറിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.