വടകര: അഴിയൂർ ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ചട്ടങ്ങൾ കാറ്റിൽ പറത്തി തണ്ണീർത്തടങ്ങൾ വ്യാപകമായി നികത്തുന്നതായി പരാതി. ദേശീയപാത നിർമാണത്തിന്റെ മറവിൽ പൊളിച്ചുമാറ്റുന്ന കെട്ടിടാവശിഷ്ടങ്ങൾ തള്ളിയാണ് തണ്ണീർത്തടങ്ങൾ നികത്തുന്നത്.
ചെറിയ തട്ടുകളായിത്തിരിച്ച് തോട്ടമാക്കി തണ്ണീർത്തടങ്ങളെ മാറ്റുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം ഒറ്റത്തെങ്ങ് കുറിച്ചിക്കര ഭാഗത്ത് തണ്ണീർത്തടങ്ങൾ നികത്തുന്നത് ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞിരുന്നു. വാഗഡ് കമ്പനിയുടെ ടിപ്പർ ലോറികൾ സ്ഥലത്തുനിന്നും നീക്കാൻ പ്രവർത്തകർ അനുവദിച്ചില്ല. വാഹനത്തിനു മുകളിൽ പ്രതിഷേധ ബാനറുകൾ കെട്ടുകയുണ്ടായി. രണ്ട് ടിപ്പർ ലോറികളാണ് തണ്ണീർത്തടം നികത്തുന്നതിനിടെ തടഞ്ഞുവെച്ചത്. ഇതുസംബന്ധിച്ച് റവന്യൂ അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. പ്രളയത്തിൽ ഏറെ ദുരിതങ്ങൾ വിതച്ച പ്രദേശങ്ങളിൽ ദേശീയപാത നിർമാണക്കമ്പനികളുടെ ഏജന്റുമാരായി പ്രവർത്തിക്കുന്നവരാണ് കെട്ടിടാവശിഷ്ടങ്ങൾ തള്ളാൻ ഒത്താശ ചെയ്യുന്നതെന്ന് ആക്ഷേപമുണ്ട്. കരാർ കമ്പനിക്ക് സാധനങ്ങൾ എത്തിച്ചുനൽകാനും മറ്റുമായി ഓരോ സ്ഥലത്തും പ്രത്യേക ഏജന്റുമാർ പ്രവർത്തിക്കുകയും ഇവർ അവിഹിത മാർഗങ്ങൾ സ്വീകരിക്കുകയും ചെയ്യുന്നതായി പരാതിയുണ്ട്. വടകരയിൽ ദേശീയപാതക്ക് ഉപയോഗിക്കുന്ന കോൺക്രീറ്റ് മിശ്രിതം സ്വകാര്യ കെട്ടിട നിർമാണത്തിന് മറിച്ചുനൽകിയത് നാട്ടുകാർ പിടികൂടിയിരുന്നു. ഇതിനൊക്കെ ഇടനിലക്കാരായി പ്രവർത്തിക്കുന്നത് പ്രാദേശിക ഏജന്റുമാരാണ്.
അഴിയൂരിൽ മയ്യഴിപ്പുഴയോടു ചേർന്നുകിടക്കുന്ന ഒറ്റത്തെങ്ങ്, കുറിച്ചിക്കര, കല്ലാമല ഭാഗങ്ങൾ തണ്ണീർത്തടങ്ങളാൽ ചുറ്റപ്പെട്ട സ്ഥലങ്ങളാണ്. മേഖലയിൽ പലയിടത്തും ഭൂമി തരംമാറ്റത്തിന്റെ മറവിൽ നികത്തുന്നതായി വ്യാപകമായ പരാതിയുണ്ട്. റവന്യൂ അധികൃതരുടെ ഒത്താശയോടെയാണ് നികത്തൽ നടക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. അവധി ദിവസങ്ങളിൽ ടിപ്പറുകൾ മേഖലയിൽ തലങ്ങും വിലങ്ങും ഓടുന്നത് പതിവാണ്. നികത്തലിനെതിരെ പരാതി ഉയർന്നാൽ അവധി ദിവസമാണെന്ന് ചൂണ്ടിക്കാട്ടി റവന്യൂ അധികൃതർ കൈമലർത്തുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.