വടകര: കാലവർഷം കലി തുള്ളുമ്പോൾ കടലിനെ നോക്കി നെടുവീർപ്പിടുകയാണ് വടകര കസ്റ്റംസ് ബീച്ചിലെ കടലോര വാസികൾ. തകർന്ന് കിടക്കുന്ന കടൽ ഭിത്തി പുനർനിർമിക്കണമെന്ന ആവശ്യത്തിന് മുന്നിൽ അധികൃതർ കനിയുന്നില്ല.
ഓരോ കാലവർഷവും കടന്നുപോകുന്നത് തീരദേശത്തെ റോഡുകളും വീടുകളുടെ ഭാഗങ്ങളും കടലെടുത്താണ്. കസ്റ്റംസ് ബീച്ചിൽ കസ്റ്റംസ് ഓഫിസ്, തണൽ ഡയാലിസിസ് സെന്റർ, ഭിന്നശേഷി കുട്ടികളുടെ ഓഫിസ് മറ്റ് നിരവധി സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. 2019ൽ കടൽ ഭിത്തി പൂർണമായി നഷ്ടപെട്ട കസ്റ്റംസ് ബീച്ച് (മുകച്ചേരി) ഭാഗത്ത് സി.പി സ്റ്റോൺ 2063 ൽ കടൽ ഭിത്തി നിർമിക്കാൻ പുനർ നിർമിക്കാൻ 4.97 കോടി രൂപ അനുവദിച്ചിരുന്നു. 2021 മേയ് 18ന് ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയത്. എന്നാൽ ജി.എസ്.ടിയുടെ പേരിൽ ദൂരം വെട്ടിക്കുറച്ച് സി.പി സ്റ്റോൺ 2058ൽനിന്ന് പ്രവൃത്തി തുടങ്ങാനുള്ള നടപടികളാണ് സ്വീകരിച്ചത്.
അവസാനമായി മുകച്ചേരി ഭാഗത്ത് 1.54 കോടി രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി ഭരണാനുമതിക്ക് നൽകിയിട്ടുണ്ടെങ്കിലും പ്രവൃത്തി എപ്പോൾ നടക്കുമെന്ന് യാതൊരു നിശ്ചയവുമില്ല. മേഖലയിൽ കടൽഭിത്തി നിർമിക്കുന്നത് പലതരത്തിലും അട്ടിമറിക്കപ്പെടുകയാണ്. വടകര നഗരസഭക്ക് കീഴിലെ കടലോര മേഖലയുടെ സംരക്ഷണത്തിന് ബൃഹത് പദ്ധതികൾ ഒരുക്കണമെന്ന് കെ.കെ. രമ എം.എൽ.എ നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ചിരുന്നു.
അഴിത്തല, പുറങ്കര, കൊയിലാണ്ടി വളപ്പ്, മുകച്ചേരി, കുരിയാടി തുടങ്ങിയ സ്ഥലങ്ങളിൽ പലയിടത്തും കടൽ ഭിത്തി തകർന്ന് കിടക്കുകയാണ്. എസ്റ്റിമേറ്റ് തയാറാക്കി നൽകിയെങ്കിലും ചുവപ്പ് നാടയിൽ കുരുങ്ങിക്കിടക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.