ക്വീ​ൻ​സ് റോ​ഡി​ലെ ഓ​ട​യി​ലെ മാ​ലി​ന്യം അ​ധി​കൃ​ത​ർ നീ​ക്കു​ന്നു

നഗരസഭ സ്പെഷൽ സ്ക്വാഡ് പരിശോധന; ക്വീൻസ് റോഡിലെ ഓടയിലേക്ക് മലിനജലം ഒഴുക്കുന്നത് കണ്ടെത്തി

വടകര: നഗരമധ്യത്തിലെ ഓടയിലേക്ക് മലിനജലം ഒഴുക്കിവിടുന്നത് നഗരസഭ സ്പെഷൽ സ്ക്വാഡ് പരിശോധനയിൽ കണ്ടെത്തി. ക്വീൻസ് റോഡിനു സമീപത്തുള്ള ന്യൂ ഇന്ത്യ ഹോട്ടലിൽനിന്നാണ് മലിനജലം ഒഴുക്കിവിടുന്നതെന്നാണ് അർധരാത്രിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായത്.

മലിനജലം ഒഴുക്കിയ ഹോട്ടലിന്റെ നടപടിക്കെതിരെ നോട്ടീസ് നൽകുകയും കേരള മുനിസിപ്പൽ ആക്ട് പ്രകാരം 25,000 രൂപ പിഴ ചുമത്തുകയും ചെയ്തു. ഇടവിട്ട ദിവസങ്ങളിൽ അർധരാത്രിയിലാണ് മലിനജലം പൊതു ഡ്രെയ്നേജിലേക്ക് ഒഴുക്കിയിരുന്നത്. മലിനജലത്തിന്റെ ഒഴുക്ക് ടൗണിൽ കടുത്ത ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കുകയും നഗരസഭക്കെതിരെ കടുത്ത വിമർശനം ഉയരുകയുമുണ്ടായിരുന്നു.

മലിനജലം ഒഴുക്കിവിടുന്നതുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ പരാതികളും നഗരസഭക്കു ലഭിച്ചിരുന്നു. റോഡിലേക്ക് ജലം ഒഴുകുന്നത് വാഹനങ്ങൾക്കും കാൽനടക്കാർക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ മലിനജലമൊഴുക്ക് കണ്ടെത്തുന്നതിന് സർക്കിൾ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്പെഷൽ സ്ക്വാഡിനെ ചുമതലപ്പെടുത്തി നിരീക്ഷിച്ചുവരുകയായിരുന്നു.

മലിനജലം സംസ്കരിക്കുന്നതിന് സ്ഥിരംസംവിധാനം ഏർപ്പെടുത്താൻ ഹോട്ടലിനോട് നിർദേശിച്ചിട്ടുണ്ട്. ഡ്രെയ്നേജിന്റെ ഒരു ഭാഗം സ്വകാര്യ വ്യക്തി കല്ലും കെട്ടിടാവശിഷ്ടങ്ങളുംകൊണ്ട് നികത്തിയത് പ്രശ്നം ഗുരുതരമാക്കിയിരുന്നു. ഇവർക്കും നോട്ടീസ് നൽകി. നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷിന്റെ നേതൃത്വത്തിൽ ഹെൽത്ത് സൂപ്പർവൈസർ സി.എ. വിൻസന്റ്, ഹെൽത്ത് ഇൻസ്പെക്ടർ പി.ജി. അജിത്ത്, ജെ.എച്ച്.ഐമാരായ രമ്യ, വിജിഷ ഗോപാലൻ എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - Sewage was found to be flowing into a drain on Queen's Road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.