വടകര: വിദ്യാർഥികൾക്ക് വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് ഏറാമല പഞ്ചായത്ത് അംഗങ്ങൾ മെഡിക്കൽ ഓഫിസറെ തടഞ്ഞു. ഓർക്കാട്ടേരി സി.എച്ച്.സി.യിലെ മെഡിക്കൽ ഓഫിസറെയാണ് തടഞ്ഞത്. ഇതര സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ക്ലാസുകൾ തുടങ്ങുകയാണ്. എന്നാൽ, വിദ്യാർഥികൾക്ക് വാക്സിൻ ലഭിച്ചിരുന്നില്ല. സംഭവം ശ്രദ്ധയിൽപെട്ട ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ ആശുപത്രിയിൽ എത്തി മെഡിക്കൽ ഓഫിസറെ തടയുകയായിരുന്നു.
സർക്കാർ വിദ്യാർഥികൾക്ക് വാക്സിൻ നൽകുമെന്ന് പറയുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാൻ തയ്യാറാവാത്തത് ചോദ്യം ചെയ്താണ് മെഡിക്കൽ ഓഫിസർ ഉസ്മാനെ തടഞ്ഞത്. മെഡിക്കൽ ഓഫിസർ ജില്ല മെഡിക്കൽ ഓഫിസുമായി ബന്ധപ്പെട്ട് നടത്തിയ ചർച്ചയിൽ വടകര ബ്ലോക്ക് പഞ്ചായത്തിലെ നാല് പഞ്ചായത്തുകളിൽ 10 വീതം വാക്സിൻ സ്പോട്ട് അനുവദിച്ചു. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. ദീപുരാജ്, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.കെ. ജസീല, മെമ്പർമാരായ ഷുഹൈബ് കുന്നത്ത്, പ്രഭാവതി വരയാലിൽ തുടങ്ങിയവർ നേതൃത്വം നൽകി.
കോവിഡ് ബാധിതർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി;ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം വീണ്ടു വിവാദത്തിൽ
ആയഞ്ചേരി: കോവിഡ് ബാധിതർക്ക് പ്രതിരോധ കുത്തിവെപ്പ് നൽകി ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രം വീണ്ടും വിവാദത്തിൽ. ആയഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിെൻറ കീഴിലുള്ള രണ്ടാമത് പ്രതിരോധ കുത്തിവെപ്പ് കേന്ദ്രമായ ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിലാണ് കഴിഞ്ഞ ദിവസം കോവിഡ് ബാധിതരായ നാലു പേർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയത്. ഐ.എം.എ വിദഗ്ധ സമിതിയുടെ പ്രതിരോധ കുത്തിവെപ്പ് മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി ആർ.ടി.പി.സി.ആർ പരിശോധന നടത്തുകയും പരിശോധന ഫലം വരുന്നതിനു മുേമ്പതന്നെ പ്രതിരോധ കുത്തിവെപ്പ് നൽകുകയുമായിരുന്നു.
തുടർന്ന് അടുത്ത ദിവസമാണ് കുത്തിവെപ്പ് നൽകിയ നാലു പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിെൻറ അറിയിപ്പുണ്ടായത്. കേന്ദ്രത്തിൽ പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നവർക്ക് കോവിഡ് പരിശോധന നടത്തുന്നതിനെതിരെ കുത്തിവെപ്പ് നടത്താനെത്തിയവരുടെ ആശങ്കയും പ്രതിഷേധവുമുയർന്നിരുന്നു. എന്നാൽ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ നിർബന്ധിച്ച് കോവിഡ് പരിശോധന നടത്താൻ തീരുമാനമെടുക്കുകയായിരുന്നു.
ഒരേ സമയം രണ്ടു ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകിയത് സംബന്ധിച്ച വിവാദം കെട്ടടങ്ങുന്നതിന് മുമ്പെയാണ് പുതിയ സംഭവം. രണ്ടു മാസം മുമ്പ് ഒരേ സമയം രണ്ട് ഡോസ് പ്രതിരോധ കുത്തിവെപ്പ് നൽകിയ കാക്കുനി സ്വദേശിനിയായ യുവതിയെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പഞ്ചായത്തിൽ കോവിഡ് പരിശോധനക്ക് ആളുകൾ കുറയുന്നത് കാരണം ടി.പി.ആർ നിരക്ക് വർധിക്കുന്നതിനാൽ, പ്രതിരോധ കുത്തിവെപ്പിന് വരുന്നവർക്ക് കോവിഡ് പരിശോധ കൂടി നടത്തി ടി.പി.ആർ നിരക്ക് കുറക്കാനായി പഞ്ചായത്ത് കോർ കമ്മിറ്റിയെടുത്ത തീരുമാനമാണെന്നാണ് മെഡിക്കൽ ഓഫിസറുടെ വിശദീകരണം.എന്നാൽ പ്രതിഷേധത്തെ തുടർന്ന് കോവിഡ് പരിശോധന നിർത്തിവെക്കുകയും, കോവിഡ് ലക്ഷണമില്ലാത്തവർക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തുകയും ചെയ്തു.
വേളത്ത് വാക്സിൻ ലഭിക്കുന്നില്ലെന്ന്
വേളം: കോവിഡ് വ്യാപനം രൂക്ഷമായ വേളം പഞ്ചായത്തിൽ വാക്സിൻ ലഭിച്ചത് ആറായിരത്തിൽ താഴെ ആളുകൾക്ക് മാത്രമെന്ന്. മുപ്പത്തി ഒന്നായിരം ജനസംഖ്യയുള്ള പഞ്ചായത്താണിത്. നടപടികൾ ദ്രുതഗതിയിലാക്കണമെന്ന് എ.ഐ.വൈ.എഫ്. വേളം മേഖല കമ്മിറ്റി ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.ജലീഷ് കരുവോത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് അഡ്വ. കെ.പി. ബിനൂപ്, ടി. സുരേഷ്, എൻ.പി സുജിത്ത്, സി. രജീഷ്, എൻ.കെ മഞ്ജു പ്രസാദ്, സി.കെ ബിപിൻ ലാൽ, എൻ.കെ വിപിൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.