വടകര: ആദ്യ പ്രസവത്തിന് വിലക്കേർപ്പെടുത്തിയ വടകര ജില്ല ആശുപത്രി അധികൃതരുടെ നടപടി വീണ്ടും ചർച്ചയാവുന്നു. ആർദ്രം പദ്ധതിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രി വീണ ജോർജ് ആശുപത്രി സന്ദർശിച്ചതിന് പിന്നാലെയാണ് ആദ്യ പ്രസവത്തിനുള്ള വിലക്ക് വീണ്ടും ചർച്ചയാവുന്നത്.
ആദ്യ പ്രസവത്തിലെ സങ്കീർണത ചൂണ്ടിക്കാട്ടിയാണ് വടകര ജില്ല ആശുപത്രിയിൽ പ്രസവത്തിന് അധികൃതർ അപ്രഖ്യാപിത വിലക്കേർപ്പെടുത്തിയത്.
ഇതേ തുടർന്ന് സാധാരണക്കാരടക്കം സ്വകാര്യ ആശുപത്രികളെയാണ് ആദ്യ പ്രസവത്തിന് പ്രധാനമായും ആശ്രയിക്കുന്നത്. ഭീമമായ സാമ്പത്തിക ഭാരമാണ് പ്രസവവുമായി ബന്ധപ്പെട്ട് ഉണ്ടാവുന്നത്. ജില്ല ആശുപത്രിയിൽ സന്ദർശനം നടത്തിയ ആരോഗ്യ മന്ത്രിക്ക് മുന്നിൽ ആശുപത്രിയിൽ ആദ്യ പ്രസവം നടക്കാത്തത് കെ.കെ. രമ എം.എൽ.എ ചൂണ്ടിക്കാട്ടുകയുണ്ടായി.
ഇതോടെയാണ് ആദ്യ പ്രസവം വീണ്ടും ചർച്ചയാവുന്നത്. സൂപ്രണ്ടിൽ നിന്നും വിശദീകരണം ആരാഞ്ഞ മന്ത്രിക്ക് മുന്നിൽ വ്യക്തമായ വിശദീകരണം നൽകാൻ ആശുപത്രി സൂപ്രണ്ടിന് കഴിഞ്ഞില്ല.
ആശുപത്രി സൂപ്രണ്ട് നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ ആദ്യ പ്രസവമെടുക്കാൻ തയാറാവാത്ത ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിക്കാൻ ഒപ്പമുണ്ടായിരുന്ന ഡി.എച്ച്.എസിന് മന്ത്രി നിർദേശം നൽകുകയുണ്ടായിരുന്നു. ആദ്യ പ്രസവത്തിലെ നൂലാമാലകൾ പറഞ്ഞ് ആശുപത്രിയിൽ പ്രസവത്തിനുള്ള സൗകര്യം നിഷേധിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മന്ത്രിയുടെ നിർദേശത്തിന് പിന്നാലെ ആദ്യ പ്രസവത്തിന് ആശുപത്രിയിൽ സൗകര്യമൊരുക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വടകര ഗവ. ആശുപത്രിയെ ജില്ല ആശുപത്രിയാക്കി ഉയർത്തിയതായി പ്രഖ്യാപനമുണ്ടായതല്ലാതെ താലൂക്ക് ആശുപത്രിയുടെ നിലവാരത്തിൽ പോലും പ്രവർത്തനം എത്തുന്നില്ലെന്ന പരാതി നിലനിൽക്കുകയാണ്.
മലയോര മേഖലയിൽ നിന്നടക്കം നൂറുകണക്കിനുപേർ ആശ്രയിക്കുന്ന പ്രധാന ആശുപത്രിയാണ് അവഗണിക്കപ്പെടുന്നത്. ആവശ്യത്തിന് ജീവനക്കാരും ഡോക്ടർമാരുമില്ലാത്തതാണ് ആദ്യ പ്രസവം നിഷേധിക്കാനിടയാക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.