വടകര: ദേശീയപാതയിൽ ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ഗതാഗതം തടസ്സപ്പെട്ടു. പരവന്തല ജങ്ഷനിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണ പൈപ്പാണ് പൊട്ടിയത്. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. പൈപ്പ് പൊട്ടിയതോടെ നഗരത്തിലെ പലയിടങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി ദേശീയപാത തോടായി മാറി. 300 എം.എം കാസ്റ്റ് അയേൺ പൈപ്പ് ഉഗ്രശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.
പൈപ്പ് പൊട്ടിയതിനെത്തുടർന്ന് ശക്തിയിൽ ദേശീയപാതയിലേക്ക് വെള്ളം പമ്പ് ചെയ്തതോടെ ഇതുവഴിയുള്ള വാഹന യാത്ര ദുഷ്കരമായി. ബസ് അടക്കമുള്ള വാഹനങ്ങളിലേക്ക് യാത്രക്കിടയിൽ വെള്ളം കയറിയതുമൂലം യാത്രക്കാരും ദുരിതത്തിലായി. ഒരു മണിക്കൂറിനുശേഷം ലൈൻ ഓഫ് ചെയ്തെങ്കിലും ജലമൊഴുക്ക് വീണ്ടും അര മണിക്കൂർ നീണ്ട ശേഷമാണ് നിലച്ചത്.
ഗുളികപ്പുഴയിൽനിന്ന് പുതിയാപ്പ് ടാങ്ക് വഴി വീരഞ്ചേരിയിലെ ടാങ്കിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന പൈപ്പാണ് പൊട്ടിയത്. ഇതോടെ വീരഞ്ചേരിയിലെ പമ്പ് ഹൗസിൽനിന്ന് വടകര സിവിൽ സ്റ്റേഷൻ, ജയിൽ, കോടതി, വാട്ടർ അതോറിറ്റി, ചോളംവയൽ, കുരിയാടി, വീരഞ്ചേരി, തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ വിതരണം ചെയ്യേണ്ട ജലവിതരണം തടസ്സപ്പെടും. കാസ്റ്റ് അയേൺ പൈപ്പായതിനാൽ പൊട്ടാൻ സാധ്യത കുറവാണെന്നാണ് നിഗമനം. ദേശീയപാതയുടെ പ്രവൃത്തിയുടെ ഭാഗമായി നേരത്തേ ഈ ഭാഗത്തുനിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണോ പൈപ്പ് പൊട്ടിയതെന്നും സംശയമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.