വടകര: ഭക്ഷ്യയോഗ്യമല്ലാത്തതും മായം കലർത്തിയതുമായ ഭക്ഷ്യസാധനങ്ങൾ വാങ്ങി ജനം വഞ്ചിതരാവുന്നു. പിടികൂടി കുറ്റം ചുമത്തി കോടതിയിൽ സമർപ്പിക്കുന്ന കേസുകളിൽ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ വിചാരണക്ക് ഹാജരാകുന്നില്ല.
കുറ്റം ചുമത്തി കോടതിയിൽ എത്തിയ കേസുകളിൽ പലതിലും ഉദ്യോഗസ്ഥൻ വിചാരണ സമയത്ത് ഹാജരാകാത്തതിനാൽ പ്രതികളെ വെറുതെ വിടുന്നു. വടകര സർക്കിൾ ഫുഡ് ആൻഡ് സേഫ്റ്റി ഓഫിസർ ചുമതല വഹിക്കുന്ന കേസുകളിലാണ് ഓഫിസർ സ്ഥിരമായി ഹാജരാകാത്തതിനാൽ പല കേസുകളിലും പ്രതികൾ രക്ഷപ്പെടുന്നത്. 2019 നവംബർ 11ന് വെള്ളികുളങ്ങരയിൽ പരിശോധനക്കെത്തിയ ഉദ്യോഗസ്ഥർ വിൽപനക്കുവെച്ച ശർക്കരയിൽ മായം കലർത്തിയിട്ടുണ്ടെന്ന സംശയത്താൽ കേസെടുത്തു. സാമ്പിൾ ലാബിൽ പരിശോധനക്കയച്ചപ്പോൾ മായം കലർത്തിയതായി റിപ്പോർട്ടും ലഭിച്ചു. ഈ റിപ്പോർട്ടും കോടതിയിൽ സമർപ്പിച്ചു.
അഞ്ചു ലക്ഷം രൂപ വരെ പിഴയടക്കേണ്ട ഈ കേസിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ അഞ്ചു പ്രാവശ്യം കോടതി വിചാരണക്കു വിളിച്ചെങ്കിലും ഹാജരായില്ല. തിങ്കളാഴ്ച വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതികളെ വെറുതെ വിട്ടു. മറ്റു പല കേസുകളിലും വടകര ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ കൃത്യമായി ഹാജരാകാത്തതിനാൽ കേസുകൾ നീണ്ടുപോകുന്ന അവസ്ഥയുണ്ട്. ഭക്ഷ്യ യോഗ്യമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വാങ്ങി ഉപഭോക്താക്കൾ വഞ്ചിതരാകുകയും ഉദ്യോഗസ്ഥരുടെ ഒത്തുകളിയിൽ പ്രതികൾ രക്ഷപ്പെടുകയും ചെയ്യുന്നതിൽ കടുത്ത വിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.