വടകര: മുക്കാളിയിൽ ദേശീയപാതയോരത്തെ സംരക്ഷണ ഭിത്തി തകർന്നു വീണു, ഒഴിവായത് വൻ ദുരന്തം. നിരവധി വാഹനങ്ങൾ കടന്നുപോകുന്നതിനിടെ തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് കനത്ത മഴയിൽ സംരക്ഷണ ഭിത്തി തകർന്ന് ദേശീയപാതയിൽ പതിച്ചത്. പലരും ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത്.
ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മണ്ണിടിച്ചുതാഴ്ത്തി കഴിഞ്ഞ മാസമാണ് സംരക്ഷണ ഭിത്തി തീർത്തത്. കോൺക്രീറ്റ് ചെയ്ത് ഉറപ്പിക്കുന്നതിന് പകരം സോയിൽ നെയിലിങ് എന്ന പേരിലാണ് സംരക്ഷണമൊരുക്കിയത്.
കനത്ത മഴയോടൊപ്പം മണ്ണും കോൺക്രീറ്റ് ഭാഗങ്ങളും ദേശീയപാതയുടെ പകുതി ഭാഗത്തോളം വീണതോടെ ഗതാഗതം പൂർണമായും നിലച്ചു. വടകരയിൽനിന്നുള്ള അഗ്നിരക്ഷ സേനയും ചോമ്പാല പൊലീസും സ്ഥലത്തെത്തി ഗതാഗതം വഴി തിരിച്ചുവിടുകയായിരുന്നു.
കണ്ണൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കുഞ്ഞിപ്പള്ളിയിൽനിന്നും വടകര ഭാഗത്തുനിന്നുള്ള വാഹനങ്ങൾ കൈനാട്ടിയിൽ നിന്നുമാണ് തിരിച്ചുവിട്ടത്. സംരക്ഷണ ഭിത്തി തകർന്നതോടെ സമീപത്തെ മൂന്നു വീടുകളിലേക്കുള്ള വഴി ഇല്ലാതായി. ഡെപ്യൂട്ടി കലക്ടർ സഭീദിന്റെ നേതൃത്വത്തിൽ റവന്യു അധികൃതർ സ്ഥലത്ത് പരിശോധന നടത്തി. ഉച്ചയോടെ റോഡിലേക്ക് വീണ മണ്ണ് ചെറിയ രീതിയിൽ മാറ്റി വാഹനം നിയന്ത്രണങ്ങളോടെ ഒരു വശത്തുകൂടെ കടത്തിവിട്ടു.
സമീപത്തെ വീട്ടുകാരോട് മാറിത്താമസിക്കാനും നിർദേശം നൽകി. നിർമാണത്തിലെ അപാകതയാണ് ഭിത്തി ഇടിഞ്ഞുവീഴാൻ കാരണമെന്ന് ആക്ഷേപമുണ്ട്. കഴിഞ്ഞ കാലവർഷത്തിലാണ് ദേശീയ പാതയുടെ ഉയർന്ന ഭാഗം ആദ്യം തകർന്നുവീണത്. റവന്യു അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ച് നിർത്തിയ ഈ ഭാഗമാണ് ഇന്നലെ വീണ്ടും തകർന്നത്.
സോയിൽ നെറ്റ് ഉപയോഗിച്ചാണ് പാർശ്വ ഭിത്തി കോൺക്രീറ്റ് ചെയ്ത് ഉറപ്പിച്ചത്. ഉയരക്കൂടുതലുള്ള ഭാഗത്ത് ചെറിയ നെറ്റ് ഉപയോഗിച്ച് കോൺക്രീറ്റ് ചെയ്യുമ്പോൾ തന്നെ സുരക്ഷ സംബന്ധിച്ച് ആശങ്ക ഉയർന്നിരുന്നു. എന്നാൽ നിർമാണ കമ്പനി ഇത് ചെവിക്കൊണ്ടില്ലെന്നും ആരോപണമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.