വടകര: കുറച്ചു ദിവസങ്ങളായി കള്ളന്മാരെ ഭയന്ന് കഴിയുന്ന വടകരയില്‍ നഗരസിരാകേന്ദ്രത്തിലുള്പ്പെടെ നിരീക്ഷണ കാമറകളില്ല. വിവിധ കേന്ദ്രങ്ങളിൽ കാമറകള്‍ സ്ഥാപിക്കുമെന്ന് നേരത്തെ പ്രഖ്യാപനം ഉണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇപ്പോഴും സ്വകാര്യ സ്ഥാപനങ്ങളിലെ കാമറകളെയാണ് കേസ് അന്വേഷണത്തിനായി പൊലീസ് ആശ്രയിക്കുന്നത്.
മുമ്പ്, എം.പിയും എം.എല്‍.എയും ഉള്‍പ്പെടെ വടകര നഗരത്തില്‍ സി.സി.ടി.വി സ്ഥാപിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും നടന്നില്ല. ഒന്നര വര്‍ഷത്തിനിടയില്‍ പൊതു ഇടത്തില്‍ കാമറ സ്ഥാപിച്ചത് വടകര റെയില്‍വേ സ്റ്റേഷനിലും പുതിയ ബസ് സ്റ്റാൻഡിലും മാത്രമാണ്. കാമറ സ്ഥാപിച്ചതിനുശേഷം റെയില്‍വേ സ്റ്റേഷന് വളപ്പില്‍ നിര്‍ത്തിയിടുന്ന ഇരുചക്ര വാഹനം മോഷണം നന്നായി കുറഞ്ഞു.
കഴിഞ്ഞ നഗരസഭ ഭരണസമിതിയുടെ കാലത്ത് പൊതു സ്ഥലത്തെ മാലിന്യനിക്ഷേപവും മറ്റും തടയുന്നതിെൻറ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ സി.സി.ടി.വി സ്ഥാപിക്കുന്നതിനായി ചില കൂടിയാലോചനകള്‍ നടന്നിരുന്നു. ഇതിനും തുടര്‍ച്ചയുണ്ടായില്ല. പഴയ ബസ്സ്റ്റാൻഡ് പോലുള്ള തിരക്കേറിയ സ്ഥലങ്ങളില്‍ കാമറകളില്ല. നിരവധി കുറ്റകൃത്യങ്ങളില്‍ പൊലീസിന് സഹായകരമായത് സ്വകാര്യസ്ഥാപനങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങളാണ്. ചില റെസിഡന്‍സ് അസോസിയേഷനുകളും സ്വന്തം ചെലവില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
ചെറിയ കടകളില്‍പോലും സി.സി.ടി.വി കാമറ സംവിധാനം ഒരുക്കുന്ന കാലത്താണ് നഗരത്തിെൻറ പ്രധാന ഇടങ്ങളില്‍പോലും കാമറയില്ലാത്തത് വിമര്ശനത്തിനിടയാക്കുകയാണ്. പൊതുവെ, മോഷണം, പിടിച്ചുപറി മറ്റ് സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയെല്ലാം നടക്കുമ്പോള്‍ പൊലീസ് പരിശോധിക്കുന്നത് സി.സി.ടി.വി കാമറകളാണ്.
അടുത്തിടെ, ലഹരി സംഘങ്ങള്‍ തമ്മില്‍ കത്തിക്കുത്ത് നടന്നപ്പോഴും തുണയായത് സ്വകാര്യസ്ഥാപനങ്ങളിലെ കാമറകളാണ്. വടകര പുതിയ ബസ്സ്റ്റാൻഡ് പരിസരത്തെ ടൂറിസ്റ്റ് ഹോം കേന്ദ്രീകരിച്ച് നടന്ന മോഷണം ഏവരെയും പരിഭ്രാന്തരാക്കിയിരിക്കയാണ്. ഈ സാഹചര്യത്തില്‍ പൊതുഇടങ്ങളിൽ കാമറ സ്ഥാപിക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ തയാറാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.