വടകര: ടി.പി. വധക്കേസിൽ പിണറായി വിജയൻ തെളിവുകളുടെ അഭാവത്തിൽ രക്ഷപ്പെട്ടയാളാണെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. ‘ടി.പി. കേസ് കേരളത്തോട് പറയുന്നത്’ എന്ന പ്രമേയത്തിൽ ആർ.എം.പി.ഐയും യു.ഡി.എഫും സംയുക്തമായി വടകരയിൽ സംഘടിപ്പിച്ച കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂർ. കൊലപാതക രാഷ്ട്രീയത്തിനെതിരെ കേരളീയ സമൂഹം രംഗത്തുവരുമ്പോൾ കൊലയാളികൾക്ക് അനുകൂലമായി മുഖ്യമന്ത്രിതന്നെ പ്രവർത്തിക്കുന്നത് അപമാനകരമാണ്. രാഷ്ട്രീയ കൊലപാതകത്തിന് അന്ത്യമുണ്ടാക്കുന്നതാണ് ടി.പി കേസിലെ ഹൈകോടതി വിധി. കേസിൽ തലപ്പത്തുള്ളവരെ ശിക്ഷിക്കണമെങ്കിൽ സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും തിരുവഞ്ചൂർ പറഞ്ഞു.
ഇഷ്ടമില്ലാത്തവരെ തട്ടിക്കളയുന്ന കൊലക്കത്തി രാഷ്ട്രീയവും എതിരാളികളെ ഒതുക്കുന്ന നയവും സി.പി.എം ഉപേക്ഷിക്കണമെന്ന് സിനിമ നടൻ ജോയ് മാത്യു പറഞ്ഞു. ടി.പി വധക്കേസിലെ പ്രതികളെ തള്ളിപ്പറയാനോ അപലപിക്കാനോ എൽ.ഡി.എഫ് സ്ഥാനാർഥി ശൈലജ ടീച്ചർ തയാറായില്ലെന്ന് കല്പറ്റ നാരായണൻ പറഞ്ഞു. കോട്ടയിൽ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കുസുമം ജോസഫ്, എൻ. വേണു, കെ.സി. ഉമേഷ്ബാബു, രമേശ് കാവിൽ, രാഹുൽ മാക്കൂട്ടത്തിൽ, യു.ഡി.എഫ് സ്ഥാനാർഥി ഷാഫി പറമ്പിൽ എന്നിവർ സംസാരിച്ചു. എ.പി. ഷാജിത്ത് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.