ട്രാഫിക് സിഗ്നൽ പ്രവർത്തനം നിലച്ചതോടെ അടക്കാത്തെരു ജങ്ഷനിൽ നിയന്ത്രണങ്ങളില്ലാതെ പോകുന്ന വാഹനങ്ങൾ

നഗരത്തിൽ ട്രാഫിക് സിഗ്നൽ മിഴിയടച്ചു; നിയന്ത്രണങ്ങളില്ലാതെ വാഹനങ്ങൾ

വടകര: ദേശീയപാതയിൽ നഗരഹൃദയത്തിൽ ട്രാഫിക് സിഗ്നലുകൾ മിഴിയടച്ചു. അടക്കാത്തെരു ജങ്ഷനിലെ സിഗ്നൽ നിലച്ചിട്ട് മൂന്ന് ദിവസം പിന്നിട്ടു. സിഗ്നൽ നിലച്ചതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കുതിക്കുകയാണ്. അപകടങ്ങൾ ഒഴിവാകുന്നത് തലനാരിഴക്കും. കാൽനടയാത്രക്കാർ ദേശീയപാത മുറിച്ചു കടക്കാനാവാതെ ദുരിതത്തിലാണ്.

വില്യാപ്പള്ളി, മേമുണ്ട ഭാഗങ്ങളിൽനിന്നും പഴയ സ്റ്റാൻഡിലേക്ക് കടക്കുന്ന വാഹനങ്ങളും ദേശീയപാത വഴി കണ്ണൂർ, കോഴിക്കോട് ഭാഗങ്ങളിലേക്കും ഇതിനുപുറമെ യു ടേൺ എടുക്കുന്ന വാഹനങ്ങളും നിയന്ത്രണങ്ങളില്ലാതെ കടന്നുപോകുന്നത് അപകടസാധ്യത വർധിപ്പിച്ചിരിക്കയാണ്. ദീർഘദൂര ബസുകളുടെ മത്സര ഓട്ടത്തിൽനിന്നും ചെറിയ വാഹനങ്ങൾ തലനാരിഴക്കാണ് പലപ്പോഴും രക്ഷപ്പെടുന്നത്. സിഗ്നൽ പ്രവർത്തന സമയത്ത് ട്രാഫിക് ഡ്യൂട്ടിയിൽ ആളുണ്ടാകാറുണ്ടെങ്കിലും സിഗ്നൽ പ്രവർത്തനം നിലച്ചതോടെ ഗതാഗതം നിയന്ത്രിക്കാൻ ആളില്ലാത്ത സ്ഥിതിയാണ്. നിയന്ത്രിക്കാനാളില്ലാതായതോടെ വാഹനങ്ങൾ തലങ്ങും വിലങ്ങും കുതിക്കുകയാണ്.

അതേസമയം കിലോമീറ്ററുകൾക്കപ്പുറത്ത് ലിങ്ക് റോഡ് ജങ്ഷനിൽ പൊലീസ് വാഹനപരിശോധന നടത്തുന്നുണ്ട്. ട്രാഫിക് നിയന്ത്രണത്തിനായി ഒരു ഉദ്യോഗസ്ഥനെ ഇവിടെ നിയമിക്കണമെന്നാണ് നാട്ടുകാരുടെയും ആവശ്യം. കൈനാട്ടി ജങ്ഷനിൽ സിഗ്നലുകൾ തോന്നും പോലെ കത്തുന്ന സ്ഥിതിയാണ്. കണ്ണൂർ ഭാഗത്തേക്ക് ചുവന്ന സിഗ്നൽ ഓഫ് ആയാൽ വാഹനങ്ങൾക്ക് പോകാനുള്ള പച്ചലൈറ്റ് കത്തില്ല. ദേശീയപാത വികസനവുമായി ബന്ധപ്പെട്ടാണ് സിഗ്നൽ ഓഫ് ചെയ്തിരിക്കുന്നതെന്നാണ് ട്രാഫിക് പൊലീസിന്റെ വിശദീകരണം.

Tags:    
News Summary - Traffic signal not working in the Vadakara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.