വടകര: കളിക്കുന്നതിനിടെ കടൽ ഭിത്തിയിലെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ എട്ട് വയസ്സുകാരനെ മണിക്കൂറുകൾ നീണ്ട ശ്രമത്തിലൂടെ രക്ഷപ്പെടുത്തി. മുട്ടുങ്ങൽ വരയന്റ തയ്യിൽ ശാഫിയുടെയും മുബീനയുടെയും മകൻ ഷിയാസിനെയാണ് അഗ്നി രക്ഷസേനയും നാട്ടുകാരും മൂന്നര മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വന്നത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. മുട്ടുങ്ങൽ കക്കാട്ട് കടലോരത്തെ ഭീമൻ കരിങ്കല്ലുകൾക്കിടയിലാണ് കൂട്ടുകാരോടൊത്ത് കളിക്കുന്നതിനിടെ തെറിച്ച് വീണ പന്ത് എടുക്കാൻ ഇറങ്ങിയ ഷിയാസ് കുടുങ്ങിയത്.
പന്ത് എടുത്ത് തിരികെ പുറത്തേക്ക് വരാൻ കുട്ടിക്ക് കഴിഞ്ഞില്ല. കുട്ടി ഭിത്തിയിലേക്ക് ഇറങ്ങിയ കാര്യം നാട്ടുകാർ വൈകിയാണ് അറിഞ്ഞത്. തുടർന്ന് നാട്ടുകാരും അഗ്നി രക്ഷസേനയും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കൂറ്റൻ കരിങ്കൽ ഭിത്തിക്കിടയിൽ കുടുങ്ങിയ കുട്ടിയെ രണ്ടു മണിക്കൂർ കഴിഞ്ഞിട്ടും പുറത്തെടുക്കാൻ കഴിഞ്ഞില്ല.
ക്രെയിനും എക്സ്കവേറ്ററും ഉപയോഗിച്ച് കടൽഭിത്തിയിലെ കൂറ്റൻ കല്ലുകൾ ഒന്നൊന്നായി നീക്കം ചെയ്താണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ കുട്ടിയുടെ തല മാത്രമെ പുറത്ത് കാണാനുണ്ടായിരുന്നത്. വടകര ആശ ആശുപത്രിയിൽ എത്തിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.