വടകര: ഒരു നമ്പറിൽ രണ്ടു ബുള്ളറ്റ് ബൈക്കുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ വ്യാജ ബൈക്ക് തിരിച്ചറിഞ്ഞു. മോട്ടോർ വാഹന വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് വ്യാജനെ തിരിച്ചറിഞ്ഞത്. വടകര ആർ.ടി ഓഫിസിൽ രജിസ്റ്റർ ചെയ്ത ബുള്ളറ്റ് വ്യാജനാണെന്നാണ് വടകര ആർ.ടി.ഒ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്.
വടകരയിൽ മേമുണ്ട സ്വദേശി കണിച്ചാൻ കണ്ടിയിൽ രജിത്തിന്റെ പേരിലും, തലശ്ശേരിയിൽ പാനൂർ എകരത്തിൽ സുജിത്തിന്റെ പേരിലുമാണ് KL 04 A-4442 നമ്പറിൽ റോയൽ എൻഫീൽഡ് ബുള്ളറ്റുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. 1993ൽ ആലപ്പുഴയിലാണ് ഈ നമ്പറിൽ ബൈക്ക് ആദ്യം രജിസ്റ്റർ ചെയ്തത്.
രണ്ടു ബൈക്കുകൾ ഒരേ നമ്പറിൽ കണ്ടെത്തിയതിനാൽ വടകര ആർ.ടി.ഒ ഓഫിസിലെ ഉദ്യോഗസ്ഥർ ആലപ്പുഴ ആർ.ടി ഓഫിസിലെ ബി രജിസ്റ്റർ പരിശോധിച്ചു. ഇതേ തുടർന്ന് ഇരു വാഹനങ്ങളുടെയും ചേസിസ് നമ്പർ പരിശോധിച്ചപ്പോഴാണ് വ്യാജനെ കണ്ടെത്തിയത്.
പഴയ വാഹനങ്ങളുടെ ചേസിസ് നമ്പറുകൾ കൈ കൊണ്ടുള്ള മുദ്രണമാണ്. അക്ഷരങ്ങളിൽ വന്ന മാറ്റം മനസ്സിലാക്കിയാണ് വ്യാജനെ തിരിച്ചറിഞ്ഞത്. നേരത്തേ സ്മാർട്ട് മൂ എന്ന സോഫ്റ്റ് വെയറാണ് മോട്ടോർ വാഹന വകുപ്പ് ഉപയോഗിച്ചിരുന്നത്. ഇതിൽ അതത് ഓഫിസുകളിലെ രജിസ്ട്രേഷൻ വിവരങ്ങൾ മാത്രമേ ലഭിച്ചിരുന്നുള്ളൂ.
പരിവാഹൻ എന്ന സോഫ്റ്റ് വെയർ സംവിധാനം നിലവിൽ വന്നതോടെയാണ് രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും വിവരം ലഭ്യമാവും. ഇതു വഴിയാണ് തട്ടിപ്പ് പിടികൂടിയത്. പിടികൂടിയ ബുള്ളറ്റുകൾ പല ഘട്ടങ്ങളിലായി പലരുടെ പേരിൽ മാറിമറിഞ്ഞാണ് ഇപ്പോഴത്തെ ഉടമകളുടെ കൈകളിൽ എത്തിയത് .
രജിസ്ട്രേഷൻ കാലാവധിയാകുമ്പോൾ യഥാസമയം ഇരു വാഹനങ്ങൾക്കും നേരത്തേ രജിസ്ട്രേഷൻ പുതുക്കി നൽകിയിട്ടുണ്ട്. ഇരു വാഹനങ്ങൾക്കും ഒറിജിനൽ ആർ.സിയും ഉണ്ട്. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം പൂർത്തിയാക്കി. വിശദമായ അന്വേഷണത്തിന് വടകര പൊലീസിന് കൈമാറുമെന്ന് ആർ.ടി.ഒ വി.എ സഹദേവൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.