വടകര: ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച വടകര ബ്ലോക്ക് പഞ്ചായത്തിന് സാമൂഹിക നീതി വകുപ്പിന്റെ സംസ്ഥാന പുരസ്കാരം. റീ-ബോൺ തൊഴിൽ സമഗ്ര വികസന പദ്ധതിയിലൂടെ തൊഴിൽ പരിശീലന കേന്ദ്രം ആരംഭിച്ചാണ് ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന, 18 വയസ്സ് പൂർത്തിയായവർക്ക് ബ്ലോക്ക് പഞ്ചായത്ത് തണലായത്.
ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനോട് ചേർന്ന് 2019 ഡിസംബർ 16നാണ് തൊഴിൽ പരിശീലന കേന്ദ്രം പ്രവർത്തനമാരംഭിച്ചത്. ആദ്യ ഘട്ടത്തിൽ 22 പേർ ഇവിടെ നിന്ന് പരിശീലനം പൂർത്തിയാക്കി പുറത്തിറങ്ങി. പരിശീലനം ലഭിച്ച അഞ്ചുപേർക്ക് അഭിമുഖത്തിലൂടെ ജോലി നേടിക്കൊടുക്കാൻ ബ്ലോക്ക് പഞ്ചായത്തിന് കഴിഞ്ഞു. നിലവിൽ 20 പേർ ഇവിടെ പരിശീലനം നേടി വരുകയാണ്.
ഭിന്നശേഷിക്കാരെ കണ്ടെത്തുന്നതിനുവേണ്ടി ബ്ലോക്ക് പരിധിയിൽ വരുന്ന നാല് പഞ്ചായത്തുകളിൽ വിശദമായ സർവേ നടത്തി സവിശേഷ വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധർ അടങ്ങിയ ഒരു ടീം സ്ക്രീനിങ് നടത്തിയാണ് അവരുടെ കഴിവിനും താൽപര്യത്തിനും അനുയോജ്യമായ വിവിധ തൊഴിലുകളിൽ പരിശീലനം നൽകുന്നത്. രണ്ട് വൊക്കേഷൻ ഇൻസ്ട്രക്ടർമാർ, സഹായത്തിന് ആയ, കുക്ക് തുടങ്ങിയവരുടെ സേവനം ഇവിടെ ലഭ്യമാണ്. കുട്ടികൾക്ക് സൗജന്യ ഭക്ഷണം നൽകിവരുന്നുണ്ട്. അവാർഡ് ഭരണ സമിതിയുടെ കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരമാണെന്ന് ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഗിരിജ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.