വടകര: കത്തിയമർന്ന ഫയലുകൾ നീക്കം ചെയ്യുമ്പോൾ വടകര താലൂക്ക് ഓഫിസിൽനിന്ന് ലഭിക്കുന്നത് ചരിത്ര ശേഷിപ്പുകൾ. കത്തി നശിച്ചവയിൽ ബാക്കിയായി വസൂരികാലത്ത് കുത്തിവെപ്പ് എടുത്തവരുടെ വിവരങ്ങളും.
ബ്രിട്ടീഷ് ഭരണകാലത്തെ താലൂക്ക് ഓഫിസിെൻറ ഫയൽ മുറിയിൽനിന്നും മൂന്ന് വാളുകൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തി. ഇരുമ്പുപെട്ടിയിൽ സൂക്ഷിച്ച പഴയ കാല സീലുകളും മുദ്രകളും ലഭിച്ചു. തീപിടിക്കാതെ കിട്ടിയവയിൽ 1903ലെ സെറ്റിൽമെന്റ് രജിസ്റ്ററുകളുമുണ്ട്.
പഴയ കുറുമ്പ്രനാട് താലൂക്കിലെ ഭൂസർവേ സെറ്റിൽമെൻ്റ് രജിസ്റ്ററുകളും ശേഷിച്ചവയിൽപെടും. രാജഭരണകാലം മുതലുള്ള പുറമ്പോക്ക് ഭൂമി ഉൾപ്പെടെ വിശദമായി ഈ രജിസ്റ്ററിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കല്ലച്ചിൽ പ്രിൻ്റ് ചെയ്തെടുത്ത പുസ്തക രൂപത്തിലുള്ള രജിസ്റ്ററാണിത്. 1800 മുതലുള്ള ഭൂസംബന്ധമായ പുറംപോക്ക് കൈയേറ്റം ഉൾപ്പെടെ കണ്ടെത്തുന്നതിന് സഹായകരമായ ആധികാരിക രേഖയാണിതെന്ന് അധികൃതർ പറഞ്ഞു.
വർഷങ്ങൾ പഴക്കമുള്ള വിവാഹ രജിസ്ട്രേഷൻ, മലബാർ റവന്യു വകുപ്പിലെ 'ദക്ഷയദാർ' അരപ്പട്ടയിൽ ഘടിപ്പിച്ചിരുന്ന രണ്ട് മുദ്രയും തിരിച്ചു കിട്ടി. മദ്രാസ് സംസ്ഥാനത്ത് ഉപ കോടതിയായിരുന്നു ഇവിടം. നൂറ്റാണ്ടുകളുടെ പഴക്കമുള്ള സീലിൽ 'നാദാപുരം റെന്റ് കോർട്ട്' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നശിച്ച ഫയലുകൾ കണ്ടെത്താനുള്ള ശ്രമം അധികൃതർ തുടങ്ങിയിട്ടുണ്ട്. ചരിത്രരേഖകൾ വടകരയിൽ തന്നെ സൂക്ഷിക്കുമെന്ന് ഡെപ്യൂട്ടി തഹസിൽദാർ വി.കെ. സുധീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.