വടകര: താലൂക്ക് ഓഫിസ് കത്തിച്ച കേസിൽ തെലങ്കാന സ്വദേശി അറസ്റ്റിലായതോടെ അന്വേഷണം തെലങ്കാനയിലേക്കും വ്യാപിപ്പിക്കുന്നു.
അറസ്റ്റിലായ സതീഷ് നാരായണെൻറ ബന്ധങ്ങളും കുടുംബപശ്ചാത്തലവുമാണ് പൊലീസ് അന്വേഷിക്കുന്നത്. നാട്ടിൽ ഇയാൾക്ക് ബന്ധുക്കൾ ഉണ്ടെന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹൈദരാബാദിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെ ഇലക്ട്രോണിക്സ് കടയിൽ ജീവനക്കാരനാണ്. മാതാവ് മലയാളിയാണ്.
ഇയാൾക്ക് കൂടുതലായും മലയാളി ബന്ധമാണുള്ളതെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ ജൂണിൽ വരെ സമൂഹമാധ്യമങ്ങളിലും സജീവമായിരുന്നു. താലൂക്ക് ഓഫിസിന് തീയിടാനുള്ള സാഹചര്യം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകാൻ ചോദ്യം ചെയ്യലിന് പൊലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
റിപ്പോർട്ട് തേടി കേന്ദ്ര ഇന്റലിജൻസ് വിഭാഗം
വടകര: താലൂക്ക് ഓഫിസ് തീവെച്ച് നശിപ്പിച്ച സംഭവത്തിൽ കേന്ദ്ര ഇന്റലിജൻസ് വിഭാഗം പൊലിസിൽനിന്ന് റിപ്പോർട്ട് തേടി. സംഭവത്തിൽ തെലങ്കാന സ്വദേശി സതീശ് നാരായണൻ അറസ്റ്റിലായതോടെ ഇയാൾക്ക് മാവോവാദി ഉൾപ്പെടെ തീവ്ര സ്വഭാവമുള്ള സംഘടനകളുമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര ഇന്റലിജൻസ് അന്വേഷിക്കുന്നത്. നിലവിലുള്ള അന്വേഷണത്തിൽ ഇത്തരം ബന്ധങ്ങൾ പ്രതിക്ക് ഉള്ളതായി വിവരം ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. ഹരിദാസ് പറഞ്ഞു.
ഹൈദരാബാദിൽ കാർ കത്തിച്ച കേസിൽ ഒരു വർഷം തടവ് ശിക്ഷ ഇയാൾ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ കുടുംബം താമസിച്ച കെട്ടിട ഉടമയുടെ കാർ കത്തിച്ച കേസിലാണ് ജയിൽ ശിക്ഷ അനുഭവിച്ചത്. മുർഷിദബാദിൽ കഴിയുന്നതിനിടെ 12 ദിവസം മുമ്പാണ് വടകരയിൽ എത്തിയത്. 20 വർഷം മുമ്പ് പിതാവ് മരിച്ചതോടെ മാനസിക അസ്വാസ്ഥ്യം ഉള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.