വടകര: ബി.എം.ബി.സി നിലവാരത്തിൽ നവീകരിക്കുന്ന വടകര -വില്യാപ്പള്ളി -ചേലക്കാട് റോഡ് വികസനത്തിന് സ്ഥലമുടമകൾ സഹകരിക്കണമെന്ന് സർവകക്ഷി യോഗം ആവശ്യപ്പെട്ടു. വടകര, കുറ്റ്യാടി, നാദാപുരം എം.എൽ.എ മാരുടെ നേതൃത്വത്തിലാണ് സർവകക്ഷി യോഗം ചേർന്നത്. 15.96 കി.മീറ്റർ നീളമുള്ള റോഡിന് നിലവിൽ കിഫ്ബി 58.29 കോടി രൂപയാണ് അനുവദിച്ചത്. 83 കോടിയുടെ ഭേദഗതി ചെയ്ത എസ്റ്റിമേറ്റ് അംഗീകാരത്തിനായി സമർപ്പിച്ചിട്ടുണ്ട്.
12 മീറ്റർ വീതിയിലാണ് റോഡ് ആധുനിക രീതിയിൽ വികസിപ്പിക്കുന്നത്. മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിബന്ധനകൾക്ക് വിധേയമായി പൊളിക്കേണ്ട മതിലുകൾ പുനർനിർമിക്കുന്നതിനും റോഡ് വികസനത്തിന്റെ ഭാഗമായി കടമുറികൾ പുനരുദ്ധരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. റോഡ് ആധുനിക രീതിയിൽ വികസിക്കുന്നതോടെ മേഖലയുടെ വികസനത്തിന് മുതൽക്കൂട്ടാവും. ഭൂരിഭാഗം ജനങ്ങളും ഭൂമി വിട്ടുനൽകാനുള്ള സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയിട്ടുണ്ട്. നിരവധിപേർ സമ്മതം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിർമാണ പ്രവർത്തനവുമായി മുന്നോട്ടു പോകുന്നതിന് എല്ലാവരും സഹകരിക്കണമെന്നും സർവകക്ഷിയോഗം ആവശ്യപ്പെട്ടു. എം.എൽ.എമാരായ ഇ.കെ. വിജയൻ, കെ.പി. കുഞ്ഞമ്മത് കുട്ടി, കെ.കെ. രമ, കെ.പി. ബിന്ദു (വടകര നഗരസഭ ചെയർപേഴ്സൻ), വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ. ബിജുള, അഡ്വ. വി.കെ. ജ്യോതിലക്ഷ്മി, കാട്ടിൽ മൊയ്തു, വി.വി. മുഹമ്മദലി, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.