വടകര : ജില്ലയിൽ സഞ്ചാരികളുടെ പറുദീസയാവേണ്ട വടകരയുടെ ടൂറിസം മേഖലകളുടെ അനന്ത സാധ്യതകൾ ഉപയോഗപ്പെടുത്താതെ കിടക്കുന്നു. മലയോര മേഖലയുടേതടകം വൻ വികസന കുതിപ്പിന് വഴി തെളിക്കുന്ന നിരവധി കടത്തനാടൻ കാഴ്ചകൾ പുറം ലോകത്തെത്തിക്കാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും പലതും പാതി വഴിയിൽ തന്നെ. കാര്യങ്ങൾ നേടാൻ ശക്തമായ നടപടികൾ തന്നെ വേണം.
കേരളത്തിൽ വിനോദസഞ്ചാര ഭൂപടത്തിൽ വടകരയുടെ മുതൽകൂട്ടാണ് സാൻഡ് ബാങ്ക്സ്. കുറ്റ്യാടി പുഴ അറബിക്കടലിൽ ചേരുന്ന അഴിമുഖം ലോകോത്തര വിനോദസഞ്ചാര കേന്ദ്രമായി ഉയരണം. വടകരയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് ഒന്നര ഏക്കറിലേറെ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്നതാണ് സാൻഡ്ബാങ്ക്സ്. വടകര ടൗണിൽനിന്ന് അഞ്ച് കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേർന്നാണിത്. ബ്രിട്ടീഷ് അധിനിവേശ കാലത്തോളം സാൻഡ് ബാങ്ക്സിന് പഴക്കമുണ്ടെങ്കിലും കേന്ദ്രം ഇനിയും മികച്ച നിലവാരത്തിലേക്ക് ഉയരണം. പ്രദേശവാസികളുടെ പിന്തുണയോടെ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമായി സാൻഡ് ബാങ്ക്സ് മാറി. അവഗണയിൽ കിടന്ന കേന്ദ്രത്തിെൻറ വികസന പ്രവർത്തനങ്ങൾ സജീവമായി. 2007 നവംബർ 17നാണ് സാൻഡ് ബാങ്ക്സ് ടൂറിസം കേന്ദ്രത്തിന് തറക്കല്ലിട്ടു. പ്രാഥമിക വികസത്തിന് 90 ലക്ഷം രൂപ അനുവദിച്ചു. കടലിലേക്ക് അൽപദൂരം കല്ലിട്ടു. പുൽത്തകിട്, ഇരിപ്പിടങ്ങൾ, ഷെൽട്ടറുകൾ, വിളക്കുകാലുകൾ തുടങ്ങിയവ യാഥാർഥ്യമാക്കി. ഡി.ടി.പി.സിയുടെ 'ഗ്രീൻകാർപറ്റ്' പദ്ധതിയിൽ ഒരു കോടിയോളം രൂപയുടെ വികസന പ്രവൃത്തികൾ കോവിഡ് കാലത്ത് പൂർത്തിയാക്കി.
കുട്ടികളുടെ പാർക്ക്, ഗേറ്റ്, ഫെൻസിങ് , മുലയൂട്ടൽ കേന്ദ്രം, ലാൻഡ് സ്കേപ്പ്, വിശ്രമമുറി, ഇരിപ്പിടങ്ങൾ, സോളാർ വിളക്കുകൾ, സെക്യൂരിറ്റി റൂം എന്നിവ പണി പൂർത്തീകരിച്ചു.
കല്ലിൽ തീർത്ത 20 ലേറെ ഇരിപ്പിടങ്ങൾ പാർക്കിെൻറ മനോഹാരിത വർധിപ്പിക്കുന്നു. കുട്ടികൾക്കുള്ള കളി ഉപകരണങ്ങൾ, ശൗചാലയങ്ങൾ എന്നിവ യാഥാർഥ്യമായിട്ടുണ്ട്. ആകർഷണീയത ഏറെ ഒരുക്കിയെങ്കിലും വിനോദ സഞ്ചാര വകുപ്പ് വേണ്ട പ്രചാരണം നൽകാത്തതിനാൽ മറുനാടൻ സഞ്ചാരികൾക്ക് ഇവിടത്തെക്കുറിച്ച് അധികം അറിയില്ല.
അങ്കത്തട്ടും കളരിയും വീരപുരുഷന്മാരുടെ വീരകഥകളും കേട്ടു വളർന്ന ലോകനാർകാവിന് 600 വർഷത്തിെൻറ പഴക്കമുണ്ട്. ലോകനാർകാവിെൻറ ടൂറിസം സാധ്യതകൾക്ക് ചിറകു മുളക്കാൻ തുടങ്ങിയിട്ടുണ്ട്. മലബാറിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളിൽ ഏറെ പ്രാധാന്യമുള്ള ലോകനാർകാവിെൻറ വികസനത്തിനും സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. വടകര പട്ടണത്തിൽനിന്ന് 4.6 കിലോമീറ്റർ അകലെയായാണ് ലോകനാർകാവ്.
വടകരയിൽനിന്ന് ഒരു കിലോമീറ്ററിനുള്ളിലുള്ള തച്ചോളി മാണിക്കോത്ത് ക്ഷേത്രവും സമീപ പ്രദേശങ്ങളിലായി നാലോളം കളരിയും സ്ഥിതി ചെയ്യുന്നുണ്ട്. വിദേശികൾ ഉൾപ്പെടെ പരിശീലനത്തിനെത്തുന്ന കളരികളും കളരി ചികിത്സയും ഇവിടങ്ങളിൽ നടന്നുവരുന്നുണ്ട്. ഇതിനായി പുതിയ പദ്ധതികൾ ഉണ്ടാവുന്നത് ടൂറിസത്തിനും നാടിെൻറ വികസനത്തിനും വലിയ സംഭാവനകൾ നൽകാൻ കഴിയും.
സമുദ്രനിരപ്പിൽ നിന്ന് രണ്ടായിരത്തിലേറെ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പയംകുറ്റി മല നയന മനോഹര കാഴ്ചയാണ്.ഉദയവും അസ്തമയവും ഒരേ പോലെ ഇവിടെനിന്ന് വീക്ഷിക്കാം.
1989-90 കാലഘട്ടത്തിലാണ് പയം കുറ്റിമലയിൽ മുത്തപ്പൻ ക്ഷേത്രം വന്നതോടെയാണ് മലയിലെ ടൂറിസം വികസന സാധ്യതകൾക്ക് ചിറക് മുളക്കുന്നത്. പേരാമ്പ്ര റോഡിൽനിന്നും ലോകനാർകാവിൽ നിന്നും പയം കുറ്റിമലയിലേക്കുള്ള റോഡ് പഞ്ചായത്തും ബ്ലോക്കും ചേർന്ന് നവീകരിച്ചു. വില്യാപ്പള്ളി പഞ്ചായത്തിെൻറ ഇടപെടലോടെ മലയുടെ സമഗ്ര വികസനത്തിനായി യു.എൽ.സി.സിയാണ് പദ്ധതി തയാറാക്കിയത്. 2.15 കോടി രൂപ വികസന പ്രവൃത്തിക്കായി ലഭിച്ചു. 44 മീറ്റർ ഉയരത്തിലും ഏഴ് മീറ്റർ വീതിയിലും വ്യു പോയൻറ് ഗാലറിയുടെ നവീകരണമാണ് പ്രധാന പദ്ധതി.
മലയുടെ മധ്യത്തിലൂടെ ക്ഷേത്രത്തിലേക്കുള്ള റോഡ് കിഴക്കുഭാഗത്തേക്ക് മാറ്റി. നടപ്പാതയിൽനിന്ന് ഉദയകാഴ്ചകൾ ഭംഗിയായി കാണാം. വടകരയിൽനിന്ന് പേരാമ്പ്ര- തിരുവള്ളൂർ റോഡിൽ ഏഴു കിലോമീറ്റർ ദൂരത്തായാണ് കേന്ദ്രം. നാദാപുരം വിലങ്ങാട് മലയോര കാഴ്ചകളും ഗോസായി കുന്ന്, ഏറാമല തുരുത്ത്, വെള്ളിയാകല്ല് തുടങ്ങിയവയും ഉൾപ്പെടുത്തിയാൽ കാരവൻ ടൂറിസത്തിന് മുതൽ കൂട്ടാവും.
നിർദിഷ്ട തീരദേശപാതയോട് ചേർന്ന് കുഞ്ഞാലി മരക്കാർ പാലം നിർമാണത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടികളായി. സാമൂഹിക ആഘാത പഠന റിപ്പോർട്ട് അംഗീകരിച്ചു. വടകര സാൻഡ് ബാങ്ക്സിനെയും ഇരിങ്ങൽ കോട്ടക്കടവിനെയും ബന്ധിപ്പിച്ച് കുറ്റ്യാടി പുഴക്ക് കുറുകെയാണ് പാലം നിർമിക്കുന്നത് .547 മീറ്റർ നീളത്തിലുള്ള പാലം നിർമാണത്തിന് 59 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്
ചൊവ്വാപ്പുഴയും തുരുത്തും
വടകരയിൽനിന്ന് എട്ട് കിലോമീറ്റർ ദൂരത്ത് മണിക്കൂർ ഗ്രാമ പഞ്ചായത്തിൽ 600 ഓളം ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പ്രദേശമാണ് ചൊവ്വാപ്പുഴ.
പുഴക്ക് നടുവിലായുള്ള തുരുത്ത് വിനോദസഞ്ചാരത്തിന് സാധ്യതയുള്ള പ്രദേശമാണ്. ഇരിങ്ങൽ സർഗാലയക്ക് തൊട്ടടുത്തായാണ് ചൊവ്വാപ്പുഴയും ഈ പ്രദേശങ്ങൾ ഉൾപ്പെടുത്തി ബോട്ട് സർവിസ് ഉൾപ്പെടെ ആരംഭിച്ചാൽ വൻ വികസനത്തിന് വഴിയൊരുക്കും. പ്രാദേശിക കമ്മിറ്റി രൂപവത്കരിച്ച് ഇതിനായി പദ്ധതി തയാറാക്കി സർക്കാറിൽ സമർപ്പിച്ചിട്ടുണ്ട്. പതിയാരക്കര തീരദേശ റോഡും പുഴയോര കാഴ്ചകളും നയന മനോഹരമാണ്.
കോട്ടയും തുരുത്തും
വടകര ടൗണിൽ നിന്ന് 12 കിലോമീറ്റർ ദൂരത്തായി തിരുവള്ളൂർ പഞ്ചായത്തിൽ ഗ്രാമീണ ടൂറിസത്തിന് സാധ്യതയേറെയുള്ള പ്രദേശമാണ് തിരുവള്ളൂർ കോട്ടത്തുരുത്തി. വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണിത്. ബോട്ടു സർവിസും കുട്ടികളുടെ പാർക്കും ഉൾപ്പെടെ നിർമിക്കാൻ കഴിഞ്ഞാൽ പ്രാദേശിക വികസനത്തിന് ഗുണകരമാവും .
പ്രകൃതി രമണീയ കാഴ്ചകളാൽ അനുഗ്രഹീതമായ മലബാറിലെ കാഴ്ചകൾ അവഗണിക്കെപ്പടുകയാണ്. ഏറെ വരുമാനം നേടിക്കൊടുക്കുന്ന വിനോദ സഞ്ചാര മേഖലക്ക് വൻ കുതിപ്പ് നൽകുന്ന നിരവധി പ്രദേശങ്ങൾ മേഖലയിലുണ്ട് വിനോദ സഞ്ചാര ഭൂപടത്തിൽ ഇത്തരം കേന്ദ്രങ്ങൾ എത്തിക്കണം. ടൂറിസം മേഖലയുടെ കുതിപ്പ് നാടിെൻറ വികസനത്തിന് ആക്കം കൂട്ടുന്നതിനാൽ പ്രത്യേക ശ്രദ്ധപതിയണം.
വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് വൻ വികസന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. സാൻഡ് ബാങ്ക്സ് വികസനത്തോടൊപ്പം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പ്രകൃതിയോട് ഇണങ്ങിയുള്ള ഹരിത ഭവനം പദ്ധതി പ്രവർത്തനങ്ങൾ നടന്നു വരികയാണ് നിലവിലെ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ മേഖലയിൽ കൂടുതൽ തൊഴിൽ അവസരങ്ങൾ ഉണ്ടാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.