വടകര: മേഖലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കനത്ത നാശനഷ്ടം. ശനിയാഴ്ച പുലർച്ചെ മുതൽ ആഞ്ഞുവീശിയ കാറ്റിലും മഴയിലും മരങ്ങൾ കടപുഴകി വീടുകൾ തകരുകയും വൈദ്യുതിബന്ധം താറുമാറാവുകയും ചെയ്തു.
മലയോരമേഖലയിലടക്കം കാറ്റ് നാശംവിതച്ചു. വടകരയിലും പരിസരപ്രദേശങ്ങളിലും വ്യാപക നഷ്ടമുണ്ടായി. പുത്തൂർ ട്രെയിനിങ് സ്കൂളിന് സമീപം 11 കെ.വി ലൈനിനു മുകളിൽ തെങ്ങ് വീണ് രണ്ട് വൈദ്യുതി തൂണുകൾ മുറിഞ്ഞുവീണു.
പുലർച്ച വാഹനങ്ങളും കാൽനടക്കാരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. താഴെ അങ്ങാടി കൊയിലാണ്ടിവളപ്പിലെ പാറമ്മൽ സൈനബയുടെ വീടിന്റെ അടുക്കളഭാഗത്ത് തെങ്ങ് വീണ് വീട് ഭാഗികമായി തകർന്നു. സംഭവസമയം അടുക്കളയിൽ ജോലി ചെയ്തിരുന്ന സ്ത്രീകൾ പുറത്തേക്കിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ലോകനാർകാവ് ക്ഷേത്രത്തിനു സമീപം പൂമഠത്തിൽ സുബ്രമണ്യന്റെ വീട്ടിനു മുകളിൽ തെങ്ങ് വീണ് മുൻഭാഗം തകർന്നു.
ചോറോട് പഞ്ചായത്ത് പതിനൊന്നാം വാർഡിൽ മഹാഗണപതി ക്ഷേത്രത്തിന് പിൻവശം പുത്തൻപുരയിൽ രാധാകൃഷ്ണന്റെ വീടിന് മുകളിൽ തേക്ക് മരം വീണ് ഭാഗികമായി തകർന്നു. ശനിയാഴ്ച രാവിലെ 11.45ഓടെ വീശിയടിച്ച ശക്തമായ കാറ്റിൽ മരം വീടിനു മുകളിൽ പതിക്കുകയായിരുന്നു. സംഭവ സമയത്ത് വീട്ടിൽ ആളില്ലാത്തതിനാൽ അപകടം ഒഴിവായി. കരുവഞ്ചേരി 17ാം വാർഡിലെ കിളച്ചപറമ്പത്ത് നാരായണന്റെ വീടിന്റെ മുകളിൽ കാറ്റിലും മഴയിലും തെങ്ങ് മുറിഞ്ഞുവീണു.
ലോകനാർകാവ് കുട്ടോത്ത് റോഡിൽ തെങ്ങ് വൈദ്യുതി ലൈനിനു മുകളിൽ വീണ് റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. ചല്ലിവയൽ -കാവിൽ റോഡിൽ ഇരുമ്പ് പണി ചെയ്യുന്ന ഷെഡിനു മുകളിൽ തെങ്ങ് വീണ് ഷെഡ് പൂർണമായും തകർന്നു.
ഇവിടെ ജോലി ചെയ്യുകയായിരുന്ന വടക്കേ പൊയിൽ ബാലൻ ശബ്ദം കേട്ട് പുറത്തേക്കിറങ്ങി ഓടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
നാദാപുരം: ശനിയാഴ്ച ഉച്ചയോടെയുണ്ടായ കാറ്റിൽ വൈദ്യുതി ലൈനിൽ കനത്ത നാശനഷ്ടം. പരക്കെ വൈദ്യുതിത്തൂൺ പൊട്ടിവീണു. ചിലയിടങ്ങളിൽ ഗതാഗതം സ്തംഭിച്ചു. കല്ലാച്ചി തെരുവംപറമ്പ് റോഡിൽ പൂലോറോത്ത് പള്ളിക്ക് സമീപത്ത് കാറ്റിൽ വൈദ്യുതിത്തൂൺ റോഡിലേക്ക് പൊട്ടിവീണ് ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതിജീവനക്കാരും ജനകീയ ദുരന്തനിവാരണ പ്രവർത്തകരും ഫയർഫോഴ്സും സ്ഥലത്തെത്തി തടസ്സങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പ്രദേശത്ത് വൈദ്യുതി വിതരണം തടസ്സപ്പെട്ടനിലയിലാണ്. പാറക്കടവ്- പേരോട് റോഡിൽ മരമില്ലിന് സമീപം കൂറ്റൻ ആൽമരം വൈദ്യുതി ലൈനിനു മുകളിൽ വീണു. മരം മുറിച്ചുമാറ്റാത്തതിനാൽ വൈദ്യുതിവിതരണം പൂർണമായും തടസ്സപ്പെട്ടനിലയിലാണെന്ന് നാട്ടുകാർ പറഞ്ഞു.
നരിപ്പറ്റ റോഡിൽ പൗർണമി വായനശാലക്ക് സമീപം മരം പൊട്ടിവീണ് വൈദ്യുതിത്തൂൺ ഒടിഞ്ഞു. ഒമ്പതുകണ്ടം മുന്നൂറ്റാംപറമ്പ് ക്ഷേത്രത്തിനുസമീപം വൈദ്യുതി ലൈനിനു മുകളിൽ മരം കടപുഴകി. കുമ്മങ്കോട് പാലോറത്താഴ കാറ്റിൽ വൈദ്യുതിലൈൻ പൊട്ടിവീണു.
ചിയ്യൂർ റോഡിൽ ട്രാൻസ്ഫോർമറിന് മുകളിൽ മരം വീണു. ചേലക്കാട് കുഞ്ഞിപ്പറമ്പത്ത് ഖാലിദിന്റെ വീടിനു മുകളിൽ തേക്ക് മരം വീണു.
ഉച്ചയോടെയുണ്ടായ ശക്തമായ കാറ്റ് വ്യാപക നാശം വിതച്ചാണ് അടങ്ങിയത്. പല സ്ഥലങ്ങളിലും വൻ മരങ്ങൾ കെട്ടിടങ്ങൾക്കും വീടിന് മുകളിലേക്കും ചാഞ്ഞ് അപകടഭീഷണി ഉയർത്തുന്നുണ്ട്. അപകട മരങ്ങൾ മുറിച്ചുമാറ്റണമെന്ന മുന്നറിയിപ്പ് മുഖവിലക്കെടുക്കാൻ ആളുകൾ ഇനിയും തയാറായിട്ടില്ല.
തെങ്ങുവീണ്
വീട് തകർന്നു
തൊട്ടിൽപാലം: കാറ്റിൽ തെങ്ങ് മുറിഞ്ഞുവീണ് വീട് തകർന്നു. പൂക്കാട് വാഴയിൽ സറീജിന്റെ വീടിന് മുകളിലാണ് തെങ്ങിന്റെ നടുഭാഗം പൊട്ടിവീണത്.
സംഭവസമയം അകത്തുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ ഭാര്യ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കൂലിപ്പണിക്കാരനാണ് സറീജ്. പഞ്ചായത്ത് സഹായത്തോടെ അടുത്തിടെ വീടിന്റെ മേൽക്കൂര മാറ്റിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.