കോഴിക്കോട്: ജില്ലയിലെ റോഡുകളിൽ തുടരെ അപകടങ്ങളുണ്ടാകുന്ന ബ്ലാക്ക് സ്പോട്ടുകൾ കേന്ദ്രീകരിച്ച് പൊലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിൽ 750 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധയിടങ്ങളിലെ പരിശോധനയിൽ 20 ലക്ഷത്തോളം രൂപ പിഴ ഈടാക്കുകയും മറ്റു ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്തു. ഗുരുതര നിയമലംഘനം നടത്തിയ ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് നിയമാനുസൃതം വാഹനം ഓടിക്കുന്നതിൽ കൂടുതൽ പ്രായോഗിക പരിശീലനം നേടുന്നതിനായി എടപ്പാളിലെ മോട്ടോർ വാഹന വകുപ്പിന്റെ ഐ.ഡി.ടി.ആറിലേക്ക് അയക്കുകയും ചെയ്തു.
സംസ്ഥാനത്തെ മിക്ക റോഡുകളും കുരുതിക്കളമായ സാഹചര്യത്തിൽ അപകടങ്ങൾ കുറക്കുകയും ഡ്രൈവർമാരിൽ ബോധവത്കരണം നടത്തുകയും ലക്ഷ്യമിട്ട് ട്രാൻസ്പോർട്ട് കമീഷണർ നാഗരാജു ചക്കിലത്തിന്റെ നിർദേശപ്രകാരം സംസ്ഥാന വ്യാപകമായുള്ള പരിശോധനയുടെ ഭാഗമായായിരുന്നു മൂന്ന് ദിവസങ്ങളിലായി ജില്ലയിലും പരിശോധന നടത്തിയത്.
ഹെൽമെറ്റ് ഉപയോഗിക്കാതിരിക്കൽ, ലൈസൻസ് ഇല്ലാതെ വാഹനം ഓടിക്കൽ, അമിത വേഗം, അശ്രദ്ധമായ ഡ്രൈവിങ്, ഇരുചക്ര വാഹനങ്ങളിൽ രണ്ടിലധികം പേർ സഞ്ചരിക്കൽ, വാഹനങ്ങളിൽ അനധികൃത രൂപമാറ്റം വരുത്തൽ, എയർ ഹോൺ ഉപയോഗിക്കൽ, അമിത ഭാരം കയറ്റൽ, ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കൽ, സമയക്രമം പാലിക്കാതെയും അപകടകരമായുമുള്ള ബസുകളുടെ മത്സരയോട്ടം, മദ്യപിച്ച് വാഹനം ഓടിക്കൽ മുതലായവയാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങൾ.
ഇതര സംസ്ഥാന വാഹനങ്ങളിൽ പലതും നിയമാനുസൃത രേഖകളില്ലാതെ സർവിസ് നടത്തുന്നതും സംസ്ഥാന നികുതി അടക്കാത്തതും കണ്ടെത്തി. സ്പീഡ് ഗവർണർ അഴിച്ചിട്ടതും ജി.പി.എസ് പ്രവർത്തിപ്പിക്കാത്തതും ഫിറ്റ്നസ് ഇല്ലാത്തതുമായ വാഹനങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. വരുംദിവസങ്ങളിലും കൂടുതൽ വിപുലീകരിച്ച് പരിശോധന നടത്തി നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ പി.എ. നസീർ, റീജനൽ ട്രാൻസ്പോർട്ട് ഓഫിസർ (എൻഫോഴ്സ്മെന്റ്) സന്തോഷ് കുമാർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.