കോഴിക്കോട്: നഗരത്തിലെ ഏറ്റവും പഴയ പാതയായ കല്ലായിറോഡിൽ കല്ലായിപ്പാലത്തിന്റെ കൈവരികൾ തകർന്ന് അപകടത്തിലായ പശ്ചാത്തലത്തിൽ പാലത്തിൽ മന്ത്രിമാരുടെ സന്ദർശനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഞായറാഴ്ച രാവിലെ എത്തിയത്. സംസ്ഥാനത്തെ പ്രധാനപ്പെട്ട 50 പാലങ്ങൾ സ്ഥിരത ഉറപ്പാക്കി 2023ഓടെ സൗന്ദര്യവത്കരിക്കുമെന്നും അതിൽ കല്ലായിപ്പാലവും ഉൾപ്പെടുത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു. കൈവരി തകർന്നത് പരിശോധിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൈവരി നന്നാക്കാൻ അടിയന്തര നടപടിയെടുക്കും. കൈവരി അറ്റകുറ്റപ്പണിക്ക് ശേഷമാണ് സൗന്ദര്യവത്കരണം നടത്തുക. ഇതിനായി വിവിധ കൂട്ടായ്മകളുടെയും വ്യക്തികളുടെയും സഹായം തേടും. പൊതുമേഖല സ്ഥാപനങ്ങൾ, സഹകരണ-സ്വകാര്യ-തദ്ദേശ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്ന് സൗന്ദര്യവത്കരണം ഉറപ്പാക്കുകയാണ് ലക്ഷ്യമിടുന്നത്. ഫറോക്ക് പാലത്തിൽ നവീകരണം നടത്തിയപ്പോൾ ആളുകൾ അവിടെ സന്ദർശിക്കുന്ന സ്ഥിതി വന്നു. പാലങ്ങൾ പെയിന്റടിച്ച്, വിളക്കുകളും മറ്റും തൂക്കി മനോഹരമാക്കാനാണ് പൊതുമരാമത്തിന്റെ പദ്ധതിയെന്നും മന്ത്രി അറിയിച്ചു. കല്ലായിപ്പാലത്തിന്റെ ശോച്യാവസ്ഥയും കൈവരി തകർന്നതും സംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വിവിധ സംഘടനകൾ പ്രതിഷേധവും പ്രകടിപ്പിച്ചിരുന്നു. ജീർണാവസ്ഥയിലായ കല്ലായിപ്പാലത്തിന്റെ കൈവരി പൂർണമായി പുതുക്കിപ്പണിയണമെന്നും തകർന്ന കൈവരികൾ നന്നാക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പന്നിയങ്കര മണ്ഡലം കമ്മിറ്റി പ്രതീകാത്മക മനുഷ്യ കൈവരി തീർത്തിരുന്നു. കഴിഞ്ഞ കോർപറേഷൻ കൗൺസിലിൽ കല്ലായി കൗൺസിലർ എം.സി. സുധാമണി അപകടാവസ്ഥയെക്കുറിച്ച് ശ്രദ്ധക്ഷണിച്ചു. പാലം നന്നാക്കാൻ അടിയന്തരമായി ഇടപെടണമെന്ന് പൊതുമരാമത്ത് വകുപ്പിനോടാവശ്യപ്പെടാൻ കോർപറേഷൻ കൗൺസിലും തീരുമാനിച്ചു. ഇതിന്റെ തുടർച്ചയാണ് മന്ത്രിമാരുടെ സന്ദർശനം. ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്, കൗൺസിലർ എം. ബിജുലാൽ എന്നിവരും ഉയർന്ന ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു.
മന്ത്രിക്ക് നിവേദനം നൽകി
കല്ലായിപ്പാലത്തിന്റെ കൈവരി സുരക്ഷ വിഷയത്തിൽ സ്ഥലം സന്ദർശിക്കാനെത്തിയ മന്ത്രി അഹമ്മദ് ദേവർകോവിലിന് യൂത്ത് കോൺഗ്രസ് നിവേദനം നൽകി. കോർപറേഷൻ കൗൺസിലർ എം.സി. സുധാമണി, യൂത്ത് കോൺഗ്രസ് ജില്ല സെക്രട്ടറി എം.പി. ബബിൻ രാജ്, പന്നിയങ്കര മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ശ്രീകാന്ത് പിലാക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ നടപടിയുണ്ടാവുമെന്ന് മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.