മു​ഹ​മ്മ​ദ് അ​ൽ​ത്താ​ഫ്  ശി​ല്പ

ലഹരിമരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ

കോഴിക്കോട്: എം.ഡി.എം.എ ലഹരി മരുന്നുമായി യുവാവും യുവതിയും അറസ്റ്റിൽ. കോഴിക്കോട് സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അൽത്താഫ് (27), അരീക്കോട് കാവനൂർ സ്വദേശി ശില്പ (23) എന്നിവരാണ് പിടിയിലായത്. കോഴിക്കോട് ആനിഹാൾ റോഡിലെ ലോഡ്ജിൽനിന്ന് പിടിയിലായ സംഘത്തിൽനിന്ന് വിൽപനക്കായി സൂക്ഷിച്ച അഞ്ച് ഗ്രാം എം.ഡി.എം.എയും ഇത് തൂക്കാനുപയോഗിക്കുന്ന തുലാസും കണ്ടെടുത്തു.

നഗരത്തിലെ പല ലോഡ്ജുകളിലും മുറിയെടുത്ത് യുവതീ യുവാക്കൾ ലഹരി മരുന്ന് ഉപയോഗവും വിൽപനയും നടത്തുന്നുണ്ടെന്ന് വിവരം ലഭിച്ച ജില്ല ആന്റി നാർകോടിക് സ്‌പെഷൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) രാത്രി പരിശോധന ശക്തമാക്കിയതിനിടെയാണ് പ്രതികൾ പിടിയിലായത്.

മുഹമ്മദ് അൽത്താഫ് മുമ്പ് സൗത്ത് ബീച്ച് പരിസരത്ത് തട്ടുകട നടത്തിയിരുന്നു. ലഹരി ഉപയോഗിക്കുന്ന നിരവധി യുവതീ യുവാക്കൾ അക്കാലത്ത് ഇയാളുമായി ബന്ധപ്പെട്ടിരുന്നു. ബിസിനസ് പങ്കാളിയുമായുള്ള ചില പ്രശ്നങ്ങളാൽ തട്ടുകട പിന്നീട് പൂട്ടി ഇപ്പോൾ കക്ക വിൽപന നടത്തുകയാണ്.

തട്ടുകടയുമായി ബന്ധപ്പെട്ട തർക്കത്തിൽ ടൗൺ സ്റ്റേഷനിൽ ഇയാൾക്കെതിരെ കേസുണ്ട്. തട്ടുകടയിൽ സ്ഥിരമായെത്തിയാണ് ശില്പ ഇയാളുമായി അടുക്കുന്നത്. ശില്പക്ക് കരിപ്പൂർ വിമാനത്താവളത്തിൽ എയർ ഹോസ്റ്റസിന്റെ ഓഫിസിൽ ജോലിയുണ്ട്. ഗ്രാമിന് നാലായിരത്തോളം രൂപക്കാണ് എം.ഡി.എം.എ വിൽക്കുന്നതെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു.

വലിയ വില നൽകി എം.ഡി.എം.എ വാങ്ങാൻ സാധിക്കാത്തതിനാലാണ് വിൽപന നടത്തി അതിൽനിന്ന് ഉപയോഗിക്കാം എന്നതിലേക്ക് എത്തിയതെന്നും ഇയാൾ പറഞ്ഞു. എവിടെനിന്നാണ് എം.ഡി.എം.എ കിട്ടിയതെന്നും ആർക്കൊക്കെയാണ് വിൽപന നടത്തുന്നതെന്നും അന്വേഷിച്ചുവരുകയാണെന്ന് ടൗൺ ഇൻസ്‍പെക്ടർ എം.വി. ബിജു പറഞ്ഞു.

ഒരാഴ്ചക്കിടെയുള്ള ഡാൻസാഫിന്റെ മൂന്നാമത്തെ മയക്കുമരുന്ന് വേട്ടയാണിത്. നാർകോട്ടിക് സെൽ അസി. കമീഷണർ പ്രകാശൻ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ടൗൺ സബ് ഇൻസ്പെക്ടർ മുഹമ്മദ് സിയാദിന്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

ഡൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, എസ്.സി.പി.ഒ കെ. അഖിലേഷ്, സി.പി.ഒ ജിനേഷ് ചൂലൂർ, സുനോജ് കാരയിൽ, അർജുൻ അജിത്, ടൗൺ സബ് ഇൻസ്‌പെക്‌ടർ പി. വാസുദേവൻ, എ.എസ്.ഐ മുഹമ്മദ് ഷബീർ, എസ്.സി.പി.ഒമാരായ രതീഷ്, ഒ. സിന്ധു, സി.പി.ഒ ജിതിൻ, ദീപ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Young man and woman arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.