കോഴിക്കോട്: ബംഗളൂരുവിൽനിന്ന് കോഴിക്കോട്ടേക്ക് ലക്ഷക്കണക്കിന് രൂപ വിലയുള്ള മയക്കുമരുന്ന് കാറിൽ കടത്തിയ രണ്ടു യുവാക്കൾ അറസ്റ്റിലായി. പെരുമണ്ണ പാറമ്മൽ സലഹാസ് വീട്ടിൽ കെ.പി. സഹദ് (31), കൊടിയത്തൂർ കിളിക്കോട് തടായിൽ വീട്ടിൽ നസ്ലിം മുഹമ്മദ് (26) എന്നിവരെയാണ് ജില്ല ആൻറി നാർകോട്ടിക് സ്പെഷൽ ആക്ഷൻ ഫോഴ്സും (ഡൻസാഫ്) കുന്ദമംഗലം പൊലീസും ചേർന്ന് പിടികൂടിയത്.
പിടിച്ചെടുത്ത മയക്കുമരുന്നിന് 20 ലക്ഷത്തോളം രൂപ വിലവരും. ഞായറാഴ്ച രാത്രി 12ഓടെ കുന്ദമംഗലം ടൗണിൽനിന്ന് പിടിയിലായ സംഘത്തിൽനിന്ന് 372 ഗ്രാം എം.ഡി.എം.എയാണ് കണ്ടെടുത്തത്. ഇവർ മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ 85 4474 നമ്പർ സ്വിഫ്റ്റ് കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.
ബംഗളൂരുവിൽനിന്ന് ഇവർ കേരളത്തിലേക്ക് വൻതോതിൽ മയക്കുമരുന്ന് കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ഇരുവരെയും പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. ബംഗളൂരുവിലെ രാജ്യാന്തര ബന്ധമുള്ള മൊത്തക്കച്ചവടക്കാരിൽനിന്ന് മയക്കുമരുന്ന് വാങ്ങി കേരളത്തിൽ വിതരണം നടത്തുന്ന സംഘത്തിലെ പ്രധാനികളാണിവരെന്ന് പൊലീസ് പറഞ്ഞു.
സിറ്റി പൊലീസ് മേധാവി രാജ്പാൽ മീണയുടെ നിർദേശപ്രകാരം നഗരത്തിൽ ലഹരിവേട്ട ശക്തമാക്കിയിരുന്നു. സമീപകാലത്തെ വൻ മയക്കുമരുന്നു വേട്ടയാണിത്. സംഘത്തിന് ഇത്രയധികം മയക്കുമരുന്ന് നൽകിയവരെക്കുറിച്ചും സംഘത്തിൽനിന്ന് മയക്കുമരുന്ന് വാങ്ങുന്നവരെക്കുറിച്ചും പൊലീസ് അന്വേഷിച്ചുവരുകയാണ്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അസി. കമീഷണർമാരായ പ്രകാശൻ പടന്നയിൽ, കെ. സുദർശൻ, കുന്ദമംഗലം സബ് ഇൻസ്പെക്ടർ അഷ്റഫ്, അബ്ദുറഹിമാൻ, ഡൻസാഫ് സബ് ഇൻസ്പെക്ടർ മനോജ് എടയേടത്ത്, അസി. സബ് ഇൻസ്പെക്ടർ അബ്ദുറഹിമാൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ. അഖിലേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജിനേഷ് ചൂലൂർ, അർജുൻ അജിത്ത്, സുനോജ് കാരയിൽ എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.