പാനീയത്തിൽ മയക്കുമരുന്ന് നൽകി ട്രെയിൻ യാത്രക്കാരനെ കൊള്ളയടിച്ചതായി പരാതി

തിരൂർ: ശീതളപാനീയത്തിൽ മയക്കുമരുന്ന് കലർത്തി ബോധരഹിതനാക്കി ട്രെയിൻ യാത്രികനെ കൊള്ളയടിച്ചതായി പരാതി. ഉത്തർപ്രദേശിലെ ധരംപൂർ റഹ്മത്ത് ഗഞ്ച് സ്വദേശിയായ നാദിം അഹമദിനെയാണ് (30) കൊള്ളയടിച്ചത്. മുംബൈയിൽനിന്ന്​ ചെങ്ങന്നൂരിലേക്ക് ജോലി തേടിയുള്ള യാത്രയിൽ നേത്രാവതി എക്സ്​പ്രസിലാണ് നാദിമിന് സഹയാത്രികൻ മയക്കുമരുന്ന് കലർത്തിയ പാനീയം നൽകിയത്. ബോധരഹിതായ നാദിമിന്‍റെ ബാഗിൽനിന്ന് 5000 രൂപയും മൊബൈൽ ഫോണും സഹയാത്രികൻ മോഷ്ടിക്കുകയായിരുന്നെന്നാണ് പരാതി. ബോധം തെളിഞ്ഞ യുവാവ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി പ്ലാറ്റ്ഫോമിൽ അവശനായി ഇരിക്കുന്നത് കണ്ട യാത്രക്കാരാണ് ആർ.പി.എഫിനെ വിവരമറിയിച്ചത്. എസ്.ഐ സുനിൽകുമാറിന്‍റെ നേതൃത്വത്തിൽ നാദിമിനെ തിരൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാർബർ തൊഴിലാളിയായ നാദിം മുമ്പ് ചങ്ങനാശ്ശേരിയിൽ ജോലി ചെയ്തിരുന്നു. പിന്നീട് വിദേശത്തേക്ക് പോയതിനുശേഷം നാട്ടിലെത്തി വീണ്ടും ചങ്ങനാശ്ശേരിയിലേക്ക് പഴയ തൊഴിലുടമയെ കാണാൻ വരുന്നതിനിടെയാണ് മോഷണത്തിന് ഇരയായത്. റെയിൽവേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.