കശ്മീർ പരാമർശം: വിശദീകരണം ഏശിയില്ല, വരികൾ പിൻവലിച്ച്​ കെ.ടി. ജലീൽ

ജലീലിനെ തള്ളി മന്ത്രി എം.വി. ഗോവിന്ദൻ മലപ്പുറം: ഫേസ്​ബുക്ക്​​ പോസ്റ്റിലെ കശ്മീർ പരാമർശം വിവാദമായതോടെ വിശദീകരണവുമായി മുൻ മന്ത്രി കെ.ടി. ജലീൽ എം.എൽ.എ രംഗത്തെത്തിയെങ്കിലും ഏശാതായതോടെ വരികൾ പിൻവലിച്ചു. പരാമർശത്തെ മന്ത്രി എം.വി. ഗോവിന്ദൻ തള്ളിപ്പറയുകയും അഭിഭാഷകനായ ജി.എസ്​. മണി ഡൽഹി പൊലീസിൽ പരാതി നൽകുകയും ബി.ജെ.പിയും സംഘ്​പരിവാറും രംഗത്തെത്തുകയും ചെയ്തതോടെ പുലിവാല്​ പിടിച്ച ജലീൽ വിവാദവരികൾ പിൻവലിച്ചതായി ഫേസ്​ബുക്കിൽ പോസ്റ്റിടുകയായിരുന്നു. നിയമസഭ പ്രവാസി ക്ഷേമ സമിതി അംഗമെന്ന നിലയിൽ നടത്തിയ കശ്മീർ സന്ദർശനത്തെക്കുറിച്ച്​ വെള്ളിയാഴ്ച ഫേസ്​ബുക്ക്​ പോസ്റ്റിലാണ്​ വിവാദ പരാമർശം നടത്തിയത്​. ജമ്മുവും കശ്മീർ താഴ്​വരയും ലഡാക്കുമടങ്ങുന്ന മേഖല​യെ 'ഇന്ത്യൻ അധീന കശ്മീരെ'ന്നും പാക്​ അധീന കശ്മീരിനെ 'ആസാദ്​ കശ്മീർ' എന്നുമാണ്​ വിശേഷിപ്പിച്ചത്​. ഇത്​ വിവാദമായതോടെ വിശദീകരണമായി പോസ്റ്റിന്‍റെ അവസാനം 'വാൽക്കഷ്ണം: 'ഡബിൾ ഇൻവർട്ടഡ് കോമയിൽ 'ആസാദ് കാശ്മീർ' എന്നെഴുതിയാൽ അതിന്‍റെ അർഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രം' എന്ന്​ ചേർക്കുകയായിരുന്നു. പോസ്റ്റിലെ 'ആസാദ്​ കശ്മീർ' വിവാദത്തിൽ വിശദീകരണം നൽകിയ ജലീൽ പക്ഷേ, 'ഇന്ത്യൻ അധീന കശ്മീർ' പരാമർശത്തെക്കുറിച്ച്​ മൗനം പാലിച്ചു. ഒടുവിൽ, കശ്മീർ യാത്രാകുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണക്ക്​ ഇടയാക്കിയതായും താനു​ദ്ദേശിച്ചതിന്​ വിരുദ്ധമായി അവ ദുർവ്യാഖ്യാനം ചെയ്തതായും കുറിപ്പിലെ വരികൾ നാടിന്‍റെ നന്മക്കും ജനങ്ങൾക്കിടയിലെ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതിനും പിൻവലിച്ചതായും അറിയിച്ച് ജലീൽ​ പോസ്റ്റിടുകയായിരുന്നു. വിവാദ പരാമർശങ്ങൾക്കെതിരെ കേന്ദ്ര മന്ത്രിമാരായ പ്രൾഹാദ്​ ജോഷി, വി. മുരളീധരൻ, ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ്​ കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.