മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബാളിന് ചരിത്രത്തിലാദ്യമായി വേദിയാവാനൊരുങ്ങുന്നതിെൻറ സന്തോഷത്തിലാണ് മലപ്പുറം. വിവിധ ടീമുകൾക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ച മലപ്പുറത്തുകാരുടെ എണ്ണം മൂന്നക്കത്തിനടുത്താണ്. എന്നാൽ, കിരീട സംഘത്തിെൻറ ഭാഗമാവാൻ ഭാഗ്യം ലഭിച്ചത് ഏതാനും പേർക്ക് മാത്രം.
1968ൽ മൈസൂർ ടീം കിരീടം നേടുമ്പോൾ ഇയ്യിടെ അന്തരിച്ച മലപ്പുറം അസീസായിരുന്നു നായകൻ. പിന്നെയും അഞ്ചുകൊല്ലം കഴിഞ്ഞ് 1973ലാണ് കേരളത്തിന് ആദ്യമായി സന്തോഷ് ട്രോഫി കിട്ടുന്നത്. മലയാള മണ്ണിലേക്ക് കിരീടമെത്തിച്ച മലപ്പുറത്തുകാർ 11 പേരുണ്ട്. ആദ്യ കിരീടത്തിൽ മുത്തമിട്ട ചേക്കുവിൽ തുടങ്ങി 2018ൽ വി.കെ. അഫ്ദലിലും വൈ.പി. മുഹമ്മദ് ശരീഫിലുമെത്തി നിൽക്കുന്നു കപ്പടിച്ച കേരള ടീമുകളിലെ മലപ്പുറം ജില്ലക്കാരുടെ പട്ടിക.
കൊച്ചി മഹാരാജാസ് മൈതാനത്ത് ടി.കെ. മണി നയിച്ച കേരള ടീം റെയിൽവേസിനെ 3-2ന് മുട്ടുകുത്തിക്കുമ്പോൾ മലപ്പറം കാവുങ്ങൽ സ്വദേശിയായ ഡിഫൻഡർ ചേക്കുവുണ്ടായിരുന്നു സംഘത്തിൽ. ടൈറ്റാനിയത്തിെൻറ കളിക്കാരനും കോച്ചും മാനേജറുമായി സേവനമനുഷ്ഠിച്ച ചേക്കു 2017 മാർച്ച് 28ന് അന്തരിച്ചു. മലപ്പുറം അസീസിെൻറ സഹോദരനായിരുന്നു.
19 വർഷത്തിനുശേഷം വി.പി. സത്യന് കീഴിൽ കേരളം കോയമ്പത്തൂർ സന്തോഷ് ട്രോഫിയിൽ ജേതാക്കൾ. ഗോവയെ 3-0ത്തിന് വീഴ്ത്തിയ ടീമിൽ വള്ളുവമ്പ്രം സ്വദേശിയായ ഫോർവേഡ് റഫീഖ് ഹസെൻറയും മലപ്പുറത്തുകാരൻ ഡിഫൻഡർ ഹമീദിെൻറയും സാന്നിധ്യം. സെൻട്രൽ എക്സൈസ് ആൻഡ് കസ്റ്റംസ് ഉദ്യോഗസ്ഥനാണ് റഫീഖ്. ഹമീദ് തിരുവനന്തപുരത്ത് ടൈറ്റാനിയത്തിലാണ്.
കുരികേശ് മാത്യൂവിെൻറ നേതൃത്വത്തിൽ മഹാരാഷ്ട്രയെ (2-0) തോൽപ്പിച്ച് കേരളം കിരീട നേട്ടം ആവർത്തിക്കുമ്പോൾ സന്തോഷ് ട്രോഫി വീണ്ടും നേടാനായതിെൻറ ചാരിതാർഥ്യത്തിലായിരുന്നു ടൈറ്റാനിയം ഹമീദ്. ഒപ്പം അരീക്കോട് സ്വദേശിയായ കേരള പൊലീസ് താരം യു. ഷറഫലിയും. മലപ്പുറത്തെ അന്താരാഷ്ട്ര താരങ്ങളിൽ കേരളത്തിന് വേണ്ടി കപ്പ് നേടാനായത് ഷറഫലിക്ക് മാത്രം.
മുംബൈ കൂപ്പറേജ് സ്റ്റേഡിയത്തിൽ ഗോവയെ 3-2ന് മറികടന്ന് കിരീട ധാരണം. മമ്പാട് സ്വദേശികളായ സഹോദരങ്ങൾ ആസിഫ് സഹീറും ഷബീറലിയും ടീമിലെ മലപ്പുറം പ്രതിനിധികൾ. വി. ശിവകുമാറായിരുന്നു ക്യാപ്റ്റൻ. സ്ട്രൈക്കറായിരുന്ന ആസിഫും മിഡ്ഫീൽഡർ ഷബീറും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഉദ്യോഗസ്ഥരാണ്.
പഞ്ചാബിനെ 3-2ന് തോൽപ്പിച്ച് ഡൽഹിയിൽ വി. ഇഗ്നേഷ്യസ് നയിച്ച കേരളം സന്തോഷ് ട്രോഫി ജേതാക്കളായി. ഷബീറലി, ജസീർ കാരണത്ത്, ബഷീർ, നൗഷാദ് പാരി എന്നിവരായിരുന്നു കൂട്ടത്തിൽ മലപ്പുറത്തുകാർ. വാഴക്കാട് സ്വദേശിയും എസ്.ബി.ഐ ഉദ്യോഗസ്ഥനുമാണ് ഡിഫൻഡറായ ബഷീർ. മറ്റൊരു പ്രതിരോധനിരക്കാരൻ ജസീറും മിഡ്ഫീൽഡർ നൗഷാദ് പാരിയും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും അരീക്കോട് സ്വദേശികളുമാണ്.
2018ൽ കൊൽക്കത്തയിൽ ടൈ ബ്രേക്കറിലൂടെ ബംഗാളിനെ മറികടന്ന് നീണ്ട ഇടവേളക്കുശേഷം രാഹുൽ വി. രാജിെൻറ കേരളം കപ്പടിച്ചു. പാണ്ടിക്കാട് ഒലിപ്പുഴയിൽ നിന്നുള്ള മുന്നേറ്റക്കാരൻ വി.കെ. അഫ്ദൽ ടൂർണമെൻറിലുടനീളം നടത്തിയത് തകർപ്പൻ പ്രകടനം.
അരീക്കോട് താഴത്തങ്ങാടി സ്വദേശിയായ ഡിഫൻഡർ വൈ.പി. മുഹമ്മദ് ശരീഫായിരുന്നു മറ്റൊരു പ്രാതിനിധ്യം. അഫ്ദൽ മമ്പാട് എം.ഇ.എസ് കോളജിെൻറയും ശരീഫ് ഫാറൂഖ് കോളജിെൻറയും താരങ്ങളായിരുന്നു. കിരീടധാരണത്തെത്തുടർന്ന് ഇരുവരും സർക്കാർ സർവിസിൽ കയറി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.