മലപ്പുറം: ജില്ലയിലെ സ്വകാര്യബസുകൾ പെർമിറ്റ് റൂട്ട് തെറ്റിച്ച് ഓടുന്നതായ പരാതിയിൽ നടപടി സ്വീകരിക്കണമെന്ന് ആർ.ടി.ഒക്ക് ജില്ല കലക്ടറുടെ നിർദേശം. യാത്രക്കാരുടെ ദുരിതം ചൂണ്ടിക്കാട്ടി ഈ വിഷയത്തിൽ ‘മാധ്യമം’ കഴിഞ്ഞദിവസം വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നാണ് കലക്ടറുടെ നടപടി സ്വീകരിക്കണമെന്ന നിർദേശം. റോഡിലെ അനിയന്ത്രിതമായ തിരക്കും ബ്ലോക്കും കാരണമാണ് പെർമിറ്റ് റൂട്ട് തെറ്റിച്ച് ബസുകൾ ഇട റോഡുകളിലൂടെയും മറ്റും ലക്ഷ്യ സ്ഥാനത്തേക്ക് പോകുന്നത്. ഇത് യഥാർഥ റൂട്ടിലെ സ്റ്റോപ്പുകളിൽ ഇറങ്ങേണ്ട യാത്രക്കാർക്ക് വലിയ ദുരിതമാണ് വരുത്തിവെക്കുന്നത്. ആർ.ടി.ഒ ബോർഡ് നിർദേശം ഇല്ലാതെ പെർമിറ്റ് റൂട്ടിൽ നിന്നും മാറി ബസ് സർവിസ് നടത്തുന്നത് നിയമവിരുദ്ധമാണ്.
റോഡിന്റെ ശോച്യാവസ്ഥയും മഴക്കാലം എത്തിയതും റോഡിലെ തിരക്ക് അധികരിക്കാൻ കാരണമായി. ബ്ലോക്കിൽ അകപ്പെട്ടാൽ സമയത്തിന് എത്താൻ ഇതേ വഴിയുള്ളൂ എന്നാണ് ബസുകാരുടെ വാദം. എന്നാൽ സമയം മാത്രം നോക്കിയാൽ പോരെന്നും തങ്ങളുടെ പ്രയാസങ്ങൾ കൂടി തിരിച്ചറിയണമെന്നുമാണ് യാത്രക്കാർ പറയുന്നത്.
ബസുകാരുടെ ഈ നിയമവിരുദ്ധമായ സർവിസ് പതിവായതോടെയാണ് കലക്ടർക്ക് യാത്രക്കാർ പരാതി നൽകിയത്. മഞ്ചേരി-തിരൂർ റൂട്ടിൽ ഓടുന്ന ബസുകളിൽ പലതും ഒതുക്കുങ്ങലിൽനിന്ന് കുഴിപ്പുറം വഴി ആട്ടീരി റോഡിലൂടെ കോട്ടക്കലിലേക്ക് പോകുന്നതാണ്
പരാതി. സമാനമായ പരാതി ജില്ലയിലെ മറ്റു ഭാഗങ്ങളിൽനിന്നും ഉയരുന്നുണ്ട്. പ്രശ്നത്തിൽ വേണ്ട നടപടികൾ സ്വീകരിക്കണമെന്നാണ് കലക്ടർ ആർ.ടി.ഒക്ക് നൽകിയ നിർദേശത്തിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.