പെരിന്തൽമണ്ണ: മുൻ നഗരസഭ ഭരണസമിതി രണ്ടര വർഷം മുമ്പ് അഞ്ചേക്കർ സ്ഥലത്ത് നട്ടുപിടിപ്പിച്ച പച്ചത്തുരുത്ത് ജില്ലയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം സന്ദർശിച്ചു. ജലശക്തി അഭിയാൻ കേന്ദ്ര പദ്ധതിയിൽ മണ്ണ് -ജല സംരക്ഷണം, മഴവെള്ള കൊയ്ത്ത്, ജല സംപോഷണ മാർഗങ്ങൾ എന്നിവ വിവിധ വകുപ്പുകൾ ജില്ലയിൽ ചെയ്തിട്ടുള്ള മാർഗങ്ങളും പദ്ധതികളും കണ്ട് മാറ്റങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായാണ് സന്ദർശനം. വരുംവർഷങ്ങളിൽ ചെയ്യേണ്ട പ്രവൃത്തികൾക്ക് മാർഗനിർദേശങ്ങളും നൽകി. ഭക്ഷ്യ സംസ്കരണ വിഭാഗം ഡയറക്ടർ ജിതേന്ദ്രകുമാർ, ഭൂഗർഭജല വകുപ്പിലെ മിനി ചന്ദ്രൻ എന്നിവരാണ് സന്ദർശനം നടത്തിയത്. നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ സംബന്ധിച്ചു. എരവിമംഗലത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള അഞ്ചേക്കറിലാണ് പച്ചത്തുരുത്ത്.
മാലിന്യ സംസ്കരണ പ്ലാന്റിനോട് അനുബന്ധിച്ചുള്ള മൂന്നേക്കറിലും വൈവിധ്യമാർന്ന വൃക്ഷങ്ങളും പച്ചവള്ളി പടർപ്പുകളും സംരക്ഷിക്കുന്നുണ്ട്. തൊഴിലുറപ്പ്, കൃഷിഭവൻ, നഗരസഭ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അഞ്ചേക്കറിൽ ഫലവൃക്ഷങ്ങളും ഔഷധമരങ്ങളും വെച്ചുപിടിപ്പിച്ചത്. മാവ്, പ്ലാവ്, റംബുട്ടാൻ, അരിനെല്ലി, പപ്പായ, നെല്ലിക്ക, മധുരപ്പുളി എന്നീ ഫലവൃക്ഷങ്ങളും വളർന്നുതുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെയാണ് പച്ചത്തുരുത്ത് പരിപാലനം തുടങ്ങിയത്. ഇപ്പോൾ ഈ സ്ഥലം സംരക്ഷിക്കാൻ ഒരാളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫലവൃക്ഷങ്ങൾ വളർന്നുകഴിഞ്ഞാൽ ഇടയിൽ ഔഷധസസ്യങ്ങളും ഉദ്യാനങ്ങളും നിർമിച്ച് വിശ്രമിക്കാൻ ഇരിപ്പിടങ്ങൾ സജ്ജമാക്കാനും ആലോചനയുണ്ടായിരുന്നു. ഹരിത കേരള മിഷൻ കോഓഡിനേറ്റർ ടി.വി.എസ് ജിതിൻ, എച്ച്.ഐ ദിലീപ് കുമാർ തുടങ്ങിയരും സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.