അങ്ങാടിപ്പുറം: കഴിഞ്ഞ പ്രളയത്തിൽ ഭാഗികമായി തകർന്ന വീടിെൻറ ഒരുഭാഗം പ്ലാസ്റ്റിക് ഷീറ്റിട്ട് പട്ടികജാതി കുടുംബം. അങ്ങാടിപ്പുറം തോണിക്കര പീച്ചാണിപ്പറമ്പിൽ കൂലിപ്പണിക്കാരൻ ചാമിക്കുട്ടിയുടെ വീടാണ് ചിതലുകയറി ദ്രവിച്ച് മേൽക്കൂര ദ്രവിച്ച് നാശോൻമുഖമായത്. ചാമിക്കുട്ടിയും ഭാര്യയും മൂന്നു മക്കളുമാണ് നിലവിൽ വീട്ടിൽ.
1993ൽ സർക്കാർ പദ്ധതിയിൽ ലഭിച്ചതാണ് വീട്. കഴുക്കോലു ദ്രവിച്ച് പൊട്ടി ഒാടുകൾ കുറേ നശിച്ചു. വീട് അറ്റകുറ്റപ്പണിക്കും കിണറിന് ആൾമറ നിർമിക്കാനും ഷൗചാലയം നിർമിക്കാനുമടക്കം പലപ്പോഴായി അങ്ങാടിപ്പുറം പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും പരിഗണിച്ചില്ല.
രണ്ടുപെൺമക്കളെ വിവാഹം ചെയ്തയച്ചതിനാൽ മകനും ഭാര്യയും രണ്ടു പേരമക്കൾക്കുമൊപ്പമാണ് ചാമിക്കുട്ടിയും ഭാര്യയും. ഒാടുമേഞ്ഞ വീടുകളുടെ ദ്രവിച്ച മരംമാറ്റി കമ്പിയാക്കുന്ന പദ്ധതി നടപ്പാക്കിയപ്പോഴും കിട്ടിയില്ല. പ്രളയത്തിൽ മേൽക്കൂര തകർന്നതിന് അങ്ങാടിപ്പുറം വില്ലേജ് ഒാഫിസിലെത്തിയപ്പോൾ പഞ്ചായത്ത് ഒാഫിസിൽ അപേക്ഷ നൽകാൻ പറഞ്ഞെങ്കിലും എവിടെ നിന്നും സഹായം ലഭിച്ചില്ല.
ലൈഫ് ഭവന പദ്ധതിക്കായി പഞ്ചായത്ത് മുമ്പ് തയാറാക്കിയ പട്ടികയിൽ കുടുംബമുണ്ട്. അതിലും വീടു കിട്ടാൻ ഇനിയും വൈകുമെന്നാണ് അന്വേഷിച്ചപ്പോൾ അറിഞ്ഞത്. നിലവിലുള്ള വീട് പൊളിച്ച് പുതിയത് നിർമിക്കും മുമ്പ് ഈ വർഷത്തെ മഴക്കാലം എങ്ങനെ തള്ളിനീക്കുമെന്നാണ് ചാമിക്കുട്ടിയും കുടുംബവും ചോദിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.