അങ്ങാടിപ്പുറം: ഡീസൽ ടാങ്കർ മറിഞ്ഞ് കിണറുകളിൽ ഇന്ധനം ചോർന്ന പരിയാപുരത്ത് ഇന്ധനം കത്തിച്ച പ്രദേശത്ത് വെള്ളിയാഴ്ചയും അഗ്നിശമന സേന കിണറുകളിൽ പരിശോധന നടത്തി. വ്യാഴാഴ്ച വൻ അഗ്നിനാളമായി കത്തിയ പരിയാപുരം സേക്രട്ട് ഹാർട്ട് കോൺവെൻറിന്റെ കിണറ്റിൽ ഒറ്റ ദിവസം കൊണ്ട് വീണ്ടും ഡീസൽ കലർന്ന വെള്ളം ഊറി. വ്യാഴാഴ്ച കത്തിച്ചപ്പോഴത്തെ അത്ര ഡീസൽ സാന്നിധ്യം വെള്ളിയാഴ്ച ഇല്ലെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടത്. ഇതിന് സമീപം കല്ലറേട്ട് മറ്റത്തിൽ ബിജു ജോസഫിന്റെ വീട്ടുവളപ്പിലെ കിണറ്റിലും ഡീസൽ സാന്നിധ്യം വർധിച്ച തോതിൽ കണ്ടു.
ഇവിടെ വ്യാഴാഴ്ച കിണർ വെള്ളത്തിൽനിന്ന് ഡീസൽ പാട നീക്കിയിരുന്നു. ഒറ്റ ദിവസം കൊണ്ട് വ്യാഴാഴ്ചത്തേക്കാൾ കൂടിയ തോതിലാണ് ഇന്ധന സാന്നിധ്യം കണ്ടത്.
കോൺവെൻറിന്റെ കിണറ്റിൽ തിങ്കളാഴ്ച ഒരു തവണ കൂടി തീയിട്ട് ഇന്ധനം നീക്കും. അതേസമയം ഈ നടപടി എത്രതവണ ചെയ്താലും ഇവിടത്തെ പത്തോളം കിണറുകളിൽനിന്ന് എന്നാണ് വെള്ളം കുടിക്കാനാവുകയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അങ്ങാടിപ്പുറം കൃഷി ഓഫിസറും വെള്ളിയാഴ്ച പ്രദേശം സന്ദർശിച്ചു. റിപ്പോർട്ട് വകുപ്പ് തലത്തിൽ നൽകുമെന്ന് അദ്ദേഹം നാട്ടുകാരെ അറിയിച്ചു. ആഗസ്റ്റ് 20ന് പരിയാപുരത്ത് ചർച്ചിന് സമീപം റോഡിൽ താഴ്ചയിലേക്ക് ടാങ്കർലോറി മറിഞ്ഞാണ് 20,000 ലിറ്റർ ഡീസൽ ചോർന്നത്. മൂന്നാം ദിവസം ഇതിന് 200 മീറ്റർ സമീപത്തെ കോൺവെൻറിന്റെ കിണറ്റിൽനിന്ന് മോട്ടോർ ഉപയോഗിച്ച് വെള്ളം പമ്പിങ് നടത്തിയപ്പോഴാണ് വൻ അഗ്നിബാധയുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.