അങ്ങാടിപ്പുറം: പരിയാപുരത്ത് ടാങ്കർ ലോറി അപകടത്തെ തുടർന്ന് ഡീസൽ കലർന്ന് കിണറുകളിലെ വെള്ളം മലിനമായതുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ ചൊവ്വാഴ്ച യോഗം ചേരും. ലീഗൽ സർവിസ് അതോറിറ്റി അധ്യക്ഷൻ പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി സ്പെഷൽ ജഡ്ജി എസ്. സൂരജിന്റെ സാന്നിധ്യത്തിൽ വൈകീട്ട് മൂന്നിന് ജഡ്ജിയുടെ ചേംബറിലാണ് യോഗം.
ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ, ദുരിതബാധിതരായ ആറ് കുടുംബങ്ങളിലെ അംഗങ്ങൾ, പെട്രോളിയം കമ്പനി അധികൃതർ, അപകടത്തിൽപെട്ട ടാങ്കർ ലോറിയുടെ ഉടമ, ജനകീയ സമിതി ഭാരവാഹികൾ, അങ്ങാടിപ്പുറം പഞ്ചായത്ത് അധികൃതർ, വിവിധ വകുപ്പുകളിലെ (റവന്യൂ, വാട്ടർ അതോറിറ്റി, കൃഷി, ഭൂഗർഭജലം, മലിനീകരണ നിയന്ത്രണ ബോർഡ്, പൊതുമരാമത്ത്) ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അങ്ങാടിപ്പുറം: എ.ഡി.എം എൻ.എം. മെഹറലി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എസ്.എസ്. സരിൻ എന്നിവർ തിങ്കളാഴ്ച രാവിലെ 10ന് പരിയാപുരത്ത് ഡീസൽ കലർന്ന കിണറുകൾ സന്ദർശിച്ചു. സേക്രഡ് ഹാർട്ട് കോൺവെന്റ് വളപ്പിലെ ഡീസൽ നിറഞ്ഞ കിണറും കൊല്ലറേട്ടുമറ്റത്തിൽ ബിജുവിന്റെ കിണറും കണ്ടു. അപകടം നടന്ന സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ജനകീയ സമിതി ഭാരവാഹികളും സ്ഥലത്തെത്തി. പെരിന്തൽമണ്ണ അഗ്നിരക്ഷ നിലയം സ്റ്റേഷൻ ഓഫിസർ പി. ബാബുരാജിന്റെ നേതൃത്വത്തിൽ സേനാംഗങ്ങളും ഡീസൽ ഒഴുകിയെത്തിയ കിണറുകൾ സന്ദർശിച്ചു.
മഴ മാറിയ ശേഷം കോൺവെന്റ് വളപ്പിലെ കിണറിലെ ഡീസൽ കത്തിക്കുമെന്ന് പി. ബാബുരാജൻ പറഞ്ഞു. ഡീസലിന്റെ അളവ് കുറഞ്ഞതിനാൽ ബിജുവിന്റെ കിണറിലെ ഡീസൽ കലർന്ന ജലം ടാങ്കർ ലോറിയിൽ നീക്കം ചെയ്യും. മറ്റു കിണറുകൾ ശുദ്ധീകരിക്കണമെന്നും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.