പെരിന്തൽമണ്ണ: ലോക്ഡൗൺ മൂലം വിളകൾ വിൽക്കാനാകാതെ വിഷമത്തിലായ കപ്പ, പച്ചക്കറി കർഷകർക്ക് ആശ്വാസവുമായി സന്നദ്ധ പ്രവർത്തകർ. 20 രൂപ വരെ കിലോഗ്രാമിന് കണക്കാക്കി മാർക്കറ്റിൽ ചില്ലറ വിൽപന നടത്തുന്ന കപ്പയാണ് വൻതോതിൽ നിസ്സാര വിലയ്ക്കോ സൗജന്യമായോ കൊടുക്കേണ്ടി വരുന്നത്.
പറിക്കാൻ പാകമായവ കനത്ത മഴയിൽ വെള്ളം കെട്ടി നിൽക്കുന്നതോടെ ഭക്ഷ്യയോഗ്യമല്ലാതാവുമെന്ന ഭീതിയുമുണ്ട്. ചില സ്ഥലങ്ങളിൽ കർഷകർ തന്നെ സൗജന്യമായി നൽകി. തദ്ദേശ സ്ഥാപനങ്ങൾക്കും കൃഷി വകുപ്പിനും ഫലപ്രദമായി ഇടപെടാവുന്ന മേഖലയായിരുന്നെങ്കിലും ലോക്ഡൗണിൽ വേണ്ട പരിഗണന ലഭിച്ചില്ല. പെരിന്തൽമണ്ണ ബ്ലോക്ക് പരിധിയിൽ ഏകദേശം 400 ടൺ കപ്പയും 100 ടണ്ണോളം മറ്റ് കാർഷികോൽപന്നങ്ങളുമാണ് വിളവെടുപ്പിന് തയാറായതെന്നാണ് കണക്ക്.
സാധ്യമായത്ര ഉൽപന്നങ്ങൾ അതത് പഞ്ചായത്തുകളിൽ തന്നെ സന്നദ്ധ സേവകർ വഴിയും ആർ.ആർ.ടികൾ വഴിയും വിൽപനക്ക് ശ്രമിക്കുന്നുണ്ട്. കർഷകരെയും ഉൽപാദനത്തിെൻറ തോതും കൃത്യമായി കൃഷിഭവനുകൾ വഴി കൃഷി വകുപ്പിനറിയാമെങ്കിലും ഭക്ഷ്യവസ്തുവിന് ന്യായവില ഉറപ്പാക്കി വാങ്ങാനോ ചന്തകളിൽ എത്തിക്കാനോ പ്രത്യേകിച്ച് ഇടപടെലുകളൊന്നും നടത്തിയിട്ടില്ല.
അങ്ങാടിപ്പുറം: ചെരക്കാപറമ്പ് പഞ്ചായത്തംഗം തൂമ്പലക്കാടൻ ബഷീറിെൻറ നേതൃത്വത്തിൽ മുസ്ലിം ലീഗും ഹരിതം ശിഹാബ് തങ്ങൾ കൾച്ചറൽ സെൻററും സംയുക്തമായി കപ്പ നിശ്ചിത വിലയ്ക്ക് ഏറ്റെടുത്ത് വാർഡിലെ മുഴുവൻ വീടുകൾക്കും സൗജന്യമായി വിതരണം ചെയ്യാൻ തീരുമാനിച്ചു. ഇതോടെ വേവലാതിയിലായ കർഷകർക്ക് നേരിയ ആശ്വാസമായി. വിള നശിച്ചു പോകുകയോ സൗജന്യമായി ആർക്കെങ്കിലും നൽകുകയോ ചെയ്യേണ്ട സ്ഥിതിയിലാണ് കർഷകർ. ഭീമമായ നഷ്ടം സഹിക്കേണ്ടി വരുമായിരുന്നത് നേരിയ ആശ്വാസമായി. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻറ് കെ. സഈദയും സംബന്ധിച്ചു.
അങ്ങാടിപ്പുറം: മേലെ അരിപ്ര വാർഡ് അംഗം സ്വാലിഹ നൗഷാദും ടീം വെൽഫെയർ പ്രവർത്തകരും ഒരു പകൽ അധ്വാനിച്ച് വാർഡിലെ 300ഒാളം വീടുകളിൽ സൗജന്യമായി കപ്പ കിറ്റുകളെത്തിച്ചു. കർഷകനായ മാമ്പറ ഉസ്മാനിൽനിന്ന് 1672 കിലോ കപ്പയാണ് പറിക്കാതെ കിലോക്ക് അഞ്ചുരൂപ വില കണക്കാക്കി വാങ്ങിയത്. ടീം വെൽഫെയർ വളൻറിയർമാർ തന്നെ പാടത്തിറങ്ങി കപ്പ പറിച്ച് കൊട്ടകളിലാക്കുകയും പിന്നീട് വീടുകളുടെ എണ്ണം കണക്കാക്കി കിറ്റുകളാക്കുകയും ചെയ്തു. തിങ്കളാഴ്ച രാവിലെ ആറിനു തുടങ്ങിയ കപ്പ പറിക്കലും വിതരണവും വൈകീട്ട് അഞ്ചുവരെ നീണ്ടു.
ടീം വെൽഫെയർ ജില്ല വൈസ് ക്യാപ്റ്റൻ സെയ്താലി വലമ്പൂർ, ശിഹാബ് തിരൂർക്കാട്, ഇബ്രാഹിം കക്കാട്ട്, നൗഷാദ്, ഫസൽ പെരുക്കാടൻ, മുഹമ്മദ് അനീസ്, നബീഹ്, എ.എം. സാദിഖ്, മൊയ്തീൻ വലമ്പൂർ, റഷീദ്, ലത്തീഫ്, അബ്ദുൽ ഖൈർ, കുഞ്ഞിമൊയ്തീൻ, ആബിദ് അലി, സമദ്, റാഫി, അസ്ലം, നജീബ് എന്നിവർ നേതൃത്വം നൽകി.
അങ്ങാടിപ്പുറം: അരിപ്ര ഇല്ലിക്കപറമ്പിലെ കപ്പ കർഷകനിൽനിന്ന് കിലോക്ക് ഏഴു രൂപ വെച്ച് കപ്പ വാങ്ങി മേഖലയിലെ കോൺഗ്രസ് പ്രവർത്തകർ വീടുകളിൽ കിറ്റുകളായി സൗജന്യമായി നൽകി. ഒരു ടൺ കപ്പയാണ് ഇത്തരത്തിൽ വാങ്ങി വിതരണം ചെയ്തത്. കർഷകനായ പനച്ചിങ്ങാതൊടി നൗഷാദ് വിളയിച്ച കപ്പ പറിച്ചെടുക്കാനായിട്ടും ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. പട്ടിക്കുന്ന്, വലമ്പൂർ, ചെരക്കാപറമ്പ്, മേച്ചീരിപ്പറമ്പ്, അങ്ങാടിപ്പുറം ടൗൺ ലക്ഷംവീട് കോളനി തുടങ്ങിയ മേഖലകളിൽ 250ലേറെ വീടുകളിലാണ് കപ്പ നൽകിയത്. വിളവെടുക്കാനായ കപ്പ കർഷകൻ പറിച്ചെടുത്താണ് കിലോക്ക് ഏഴു രൂപ നിരക്കിൽ കൊടുത്തത്.
മഹിള കോൺഗ്രസ് ജില്ല പ്രസിഡൻറ് പി. ഷഹർബാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് കെ.എസ്. അനീഷ്, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ താണിയൻ സലീന, ഫെബില ബേബി, കെ.ടി. ജബ്ബാർ, ഫൈസൽ പോത്തുകാട്ടിൽ, സിബി ചെറിയോത്ത്, പി.കെ. അസീസ്, സി.പി. മനാഫ്, എം. സക്കീർ, അമൽ എന്നിവർ നേതൃത്വം നൽകി.
പൊൻമള: മഴയും ലോക്ഡൗണും കാരണം കപ്പ പറിച്ച് വിൽക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കർഷകർക്ക് തുണയായി ക്ലബ് പ്രവർത്തകർ. വടക്കേക്കുണ്ട് ഫോക്സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് നേതൃത്വത്തിലാണ് കപ്പ ചലഞ്ച് സംഘടിപ്പിച്ചത്. വാർഡ് അംഗം കെ.ടി. അക്ബർ കർഷകരിൽനിന്ന് വിളകൾ ഏറ്റുവാങ്ങി ഉദ്ഘാടനം നിർവഹിച്ചു. ഏറ്റെടുത്ത വിളകൾ വാർഡിലുള്ള ആർ.ആർ.ടി അംഗങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ വിൽപന നടത്തി പണം കർഷകർക്ക് കൈമാറി. ക്ലബ് പ്രസിഡൻറ് വി.കെ. മുഹമ്മദ്, സെക്രട്ടറി കെ. അമീർ, ഫൈസൽ, വി.കെ. നുഹ്മാൻ, പി. ഹക്കീം, ആർ.ആർ.ടി അംഗങ്ങളായ ഷറഫുദ്ദീൻ പുല്ലണ്ണി, എം. സിദ്ദീഖ്, പി.ടി. നിയാസ്, കെ. റാഷിദ് എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: വിളവെടുപ്പിന് പാകമായ 500 കമ്പ് കപ്പ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി കർഷകൻ. പെരിന്തൽമണ്ണ പാതായ്ക്കരയിലെ കർഷകനായ കണ്ണത്ത് നാരായണനാണ് കപ്പപ്പാടം പെരിന്തൽമണ്ണ നഗരസഭയെ ഏൽപ്പിച്ചത്. ഇതിൽ ഒന്നര ടൺ വരെ കപ്പയുണ്ടാവും. പെരിന്തൽമണ്ണ നഗരസഭ ചെയർമാൻ പി. ഷാജി കൃഷിയിടത്തിലെത്തി കപ്പ ഏറ്റുവാങ്ങി. പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. ഉണ്ണികൃഷ്ണൻ, കൗൺസിലർ എ. സുനിൽകുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.