അങ്ങാടിപ്പുറം: മലയാളത്തിലെയും ഇതര ഭാഷകളിലെയും എഴുത്തുകാരെ പരിചയപ്പെട്ടും എഴുത്തിന്റെ മധുരം നുണഞ്ഞും പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. തിരൂർ തുഞ്ചൻപറമ്പിൽ സാഹിത്യോത്സവത്തിൽ പങ്കെടുക്കാനെത്തിയ സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തകർക്ക് പ്രമുഖ എഴുത്തുകാരുമായുള്ള കൂടിക്കാഴ്ച നവ്യാനുഭവമായി. എം.ടി.യും എം.എൻ. കാരശ്ശേരിയും ഉൾപ്പെടെയുള്ള പ്രമുഖർക്കൊപ്പം സമയം ചെലവഴിച്ചും എഴുത്ത്, വായന അനുഭവങ്ങൾ കേട്ടും സംശയങ്ങൾ ചോദിച്ചറിഞ്ഞും കുട്ടികൾ ‘സാഹിത്യസദ്യ’ ഉണ്ടു.
‘വയലും പുഴയും കാടും മനസ്സിൽ നിറയണം. വായനയോളം വലുതായി ഒന്നുമില്ല’- എം.ടി. കുട്ടികളെ ഓർമിപ്പിച്ചു. മാതൃഭാഷയിൽ നന്നായി സംസാരിക്കാനും എഴുതാനും പഠിക്കണം. അമ്മയെ മറക്കുന്ന സംസ്കാരം നമുക്കുവേണ്ട. -എം.എൻ. കാരശ്ശേരി പറഞ്ഞു. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസ റാവു, എം.ആർ. രാഘവ വാരിയർ, ആലങ്കോട് ലീലാകൃഷ്ണൻ, കെ.പി. രാമനുണ്ണി, ഡോ.സി.ആർ. പ്രസാദ്, കെ.സി. നാരായണൻ, ഡോ. ടി.കെ. സന്തോഷ് കുമാർ, മണമ്പൂർ രാജൻ ബാബു, നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി തുടങ്ങിയവരുമായും സൗഹൃദം പങ്കുവച്ചാണ് തുഞ്ചൻ ഉത്സവത്തിൽ പങ്കെടുത്ത കുട്ടികൾ മടങ്ങിയത്.
എഴുത്താണി എഴുന്നള്ളിപ്പിലും പങ്കാളികളായി. വിദ്യാരംഗം കൺവീനർ മനോജ് വീട്ടുവേലിക്കുന്നേൽ, അധ്യാപിക ദിൽന സിൽവിയ, വിദ്യാരംഗം ഭാരവാഹികളായ ജിയ മരിയ റോസ്, പി. ലിബ വഹാബ്, എഡ്വിൻ ജോസി, അശ്വിൻ അജീഷ്, എം.ബി.ദിയ, റോയ്സ് പോൾസൺ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.