അങ്ങാടിപ്പുറം: ഡീസൽ ടാങ്കർ മറിഞ്ഞ് ഇന്ധനം കലർന്ന് നാശമായ കിണറുകളുടെ ശുദ്ധീകരണം ഒന്നാംഘട്ടം പിന്നിട്ടു. പരിയാപുരത്തെ ബിജു കൊല്ലറേട്ട് മറ്റത്തിൽ, ജോൺ മൂലേപുത്തൻ പുരയ്ക്കൽ എന്നിവരുടെ കിണറ്റിലെ ഡീസൽ കത്തിക്കാൻ ശ്രമിച്ചെങ്കിലും ഇന്ധനത്തിന്റെ അളവ് കുറവായതിനാൽ കത്തിയില്ല. ഇവരുടെയും ഇയ്യാലിൽ ആൻറണിയുടെയും കിണറുകളിൽ വെള്ളത്തിനു മുകളിൽ ഡീസലിന്റെ പാട അടിഞ്ഞിരുന്നത് ഫ്ലോട്ട് പമ്പ് ഉപയോഗിച്ച് അഗ്നിരക്ഷസേന നീക്കം ചെയ്തു.
ഇതിനു പുറമെ സമീപത്തുള്ള ആറു കിണറുകളും പരിശോധിച്ചു. ഇവയിലും നേരിയ തോതിൽ ഡീസൽ സാന്നിധ്യമുണ്ട്. കോൺവെൻറിലെ കിണറ്റിൽ വൻതോതിൽ ഡീസൽ സാന്നിധ്യമുള്ളതിനാൽ കത്തിച്ചതോടെ ഉയരത്തിൽ തീയാളി. മഴ മാറിയശേഷം കോൺവെൻറിലെയും ബിജു ജോസഫിന്റെയും കിണറുകളിലെ വെള്ളം ടാങ്കറുകൾ വഴി നീക്കം ചെയ്യും. നാലുദിവസത്തിനുശേഷം കോൺവെൻറ് വളപ്പിലെ കിണറിൽ ഒഴുകിയെത്തുന്ന ഡീസൽ വീണ്ടും കത്തിക്കുമെന്ന് പെരിന്തൽമണ്ണ ഫയർ സ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ പി. ബാബുരാജൻ പറഞ്ഞു. പഞ്ചായത്ത് അംഗം അനിൽ പുലിപ്ര, വില്ലേജ് ഓഫിസർ, പഞ്ചായത്ത് സെക്രട്ടറി, ജനകീയ സമിതി ഭാരവാഹികൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
കിണറുകൾ ശുദ്ധീകരിക്കുന്നതിന്റെ ഒന്നാംഘട്ടം മാത്രമാണ് കഴിഞ്ഞത്. തീയിട്ടാലും മുകളിൽ അടിഞ്ഞ പാട നീക്കിയാലും പലയാവർത്തി ചെയ്താൽ മാത്രമാണ് കിണർ ഉപയോഗിക്കാനാവുക. ജില്ല ഭരണകൂടം ഇടപെട്ടതിനാൽ മാത്രമാണ് നിലവിലെ പൊതു സംവിധാനങ്ങൾ ഉപയോഗിച്ച് ഇക്കാര്യങ്ങൾ ചെയ്യുന്നത്.
കിണറുകൾ ഉപയോഗിക്കാനാവണമെങ്കിൽ ഇവയിലടിയുന്ന വെള്ളം നീക്കിയോ ഡീസൽ അംശം നീക്കിയോ ശുദ്ധീകരണ പ്രക്രിയ ഇനിയും നടക്കണം.
അങ്ങാടിപ്പുറം: കിണറുകളിൽ തീ പടർത്തി ഇന്ധനം നീക്കാൻ അഗ്നിശമന സേന എത്തിയത് ഏറെ മുന്നൊരുക്കങ്ങളോടെ. തീപടർന്നാൽ അണക്കാനുള്ള ഫയർ ആൻഡ് റസ്ക്യൂ സംവിധാനങ്ങളും ഓഫിസർമാരും ഉണ്ടായിരുന്നു.
കോൺവെൻറിലെ ആഴമുള്ള കിണറ്റിൽ തീ ആളുന്നതിനിടെ തെങ്ങിൽ തീ പിടിച്ചത് ആശങ്കയുണ്ടാക്കി. എന്നാൽ, നേരത്തേ കരുതിവെച്ചിരുന്ന സംവിധാനങ്ങൾ ഉപയോഗിച്ച് അഗ്നിരക്ഷ സേന പെട്ടെന്ന് തന്നെ തീയണച്ചു.
പെരിന്തൽമണ്ണ: പരിയാപുരത്തെ ഡീസൽ ചോർച്ചയുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ പെരിന്തൽമണ്ണ ലീഗൽ സർവിസസ് കമ്മിറ്റി ചെയർമാൻ എസ്. സൂരജ് (സ്പെഷൽ ജഡ്ജി, പെരിന്തൽമണ്ണ ഫാസ്റ്റ് ട്രാക്ക് പോക്സോ കോടതി ജഡ്ജി) വിളിച്ച യോഗം 19 ലേക്ക് മാറ്റി. വ്യാഴാഴ്ച നടത്താനായിരുന്നു തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.