അങ്ങാടിപ്പുറം: വലമ്പൂർ അഞ്ചാം വാർഡിലെ ആരോഗ്യ ഉപകേന്ദ്രം കാടുമൂടി നശിച്ചു തുടങ്ങിയിട്ടും പഞ്ചായത്തോ ആരോഗ്യ വകുപ്പോ ഇടപെടുന്നില്ലെന്ന് പരാതി. മൊത്തമായി അടഞ്ഞു കിടക്കാൻ തുടങ്ങിയിട്ട് നാലു മാസത്തിലേറെയായി. രണ്ടു കെട്ടിടങ്ങളുള്ളതിൽ ഒന്ന് പാടേ ദ്രവിച്ചു. ശേഷിക്കുന്ന കെട്ടിടത്തിൽ ഇടക്ക് പ്രതിരോധ കുത്തിവെപ്പും പ്രാഥമിക ആരോഗ്യ പ്രവർത്തനങ്ങളും നടത്തിയിരുന്നതും നിലച്ചു.
പഞ്ചായത്ത് പ്രസിഡൻറ് കെ. സഈദ പ്രതിനിധീകരിക്കുന്ന വാർഡിലാണ് സബ് സെൻറർ ദ്രവിച്ച് നശിക്കുന്നത്. ഏറ്റവും ഒടുവിൽ നാലുമാസം മുമ്പ്, ദ്രവിക്കാത്ത കെട്ടിടം തുറന്ന് കുത്തിവെപ്പ് നടത്തിയെങ്കിലും പിന്നീട് വാതിൽ അടക്കാൻ പറ്റാതായി. അറ്റകുറ്റപ്പണി നടത്തി ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിെൻറ സേവനം ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അംഗൻവാടി കേന്ദ്രീകരിച്ചാണിപ്പോൾ പ്രതിരോധ കുത്തിവെപ്പും ആരോഗ്യ പ്രവർത്തനങ്ങളും. ഇവിടത്തെ കാട് വെട്ടിയും കെട്ടിടം അറ്റകുറ്റപ്പണി നടത്തിയും കേന്ദ്രം ഉപകാരപ്രദമാക്കാവുന്നതേയുള്ളൂ. എന്നാൽ പഞ്ചായത്ത് ഇതിലും അവഗണന തുടരുകയാണ്. കേന്ദ്രം നാട്ടുകാർക്ക് ഉപകാരപ്രദമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. സർക്കാർ ആശുപത്രി സ്ഥാപിക്കാൻ വർഷങ്ങൾ മുമ്പ് സ്വകാര്യ വ്യക്തി വിട്ടുനൽകിയ സ്ഥലമാണിത്. 30 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങൾ അറ്റകുറ്റപ്പണികൾ നടത്തി മുമ്പത്തെപ്പോലെ പ്രവർത്തന യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി വലമ്പൂർ യൂനിറ്റ് കമ്മിറ്റി അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിന് നിവേദനം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.