വളാഞ്ചേരി: ജനവാസ കേന്ദ്രത്തിലെ കള്ളുഷാപ്പിനെതിരെ പ്രതിഷേധം ശക്തമാവുന്നു. വളാഞ്ചേരി നഗരസഭയിൽ കോഴിക്കോട് റോഡിൽ ഫെഡറൽ ബാങ്കിന് സമീപത്തായി ജനവാസ കേന്ദ്രത്തിനടുത്താണ് കള്ളുഷാപ്പ് പ്രവർത്തനം ആരംഭിച്ചത്. പ്രദേശത്തെ മൂന്ന് സെൻറ് സ്ഥലത്ത് പ്രവർത്തിക്കുന്ന കെട്ടിടിടത്തിനു മുകളിൽ സ്ഥാപിച്ച കള്ള് ഷാപ്പ് എന്ന ബോർഡ് കഴിഞ്ഞ ദിവസമാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് നാട്ടുകാർ വളാഞ്ചേരി പൊലീസിലും കുറ്റിപ്പുറം എക്സൈസ് ഓഫിസിലും വിവരം അറിയിച്ചു.
വളാഞ്ചേരി നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ, പൊലീസ് ഇൻസ്പെക്ടർ പി.എം. ഷമീർ എന്നിവർ സ്ഥലത്തെത്തി. റസിഡൻഷ്യൽ സർട്ടിഫിക്കറ്റുള്ള കെട്ടിടത്തിലാണ് കള്ള് ഷാപ്പ് പ്രവർത്തിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു.
സ്ത്രീകളും കുട്ടികളുമുൾപ്പെടെ യാത്ര ചെയ്യുന്ന വഴിയരികിൽ പ്രവർത്തിക്കുന്ന കള്ളുഷാപ്പ് പൂട്ടാനാവശ്യമായ നടപടി സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. ജില്ല ഡെപ്യൂട്ടി എക്സൈസ് കമീഷണർക്ക് നിവേദനം നൽകി. ഇതിനിടെ, കള്ളുഷാപ്പ് പ്രവർത്തനം നിർത്തി വെക്കണമെന്നാവശ്യപ്പെട്ട് വളാഞ്ചേരി നഗരസഭ അധികൃതർ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകി. മദ്യശാല നടത്തിയയാൾക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി വളാഞ്ചേരി മുനിസിപ്പൽ കമ്മിറ്റി ആവശ്യപ്പെട്ടു.
ആവശ്യമായ നടപടി ക്രമങ്ങൾ പാലിക്കാതെയാണ് മദ്യഷാപ്പ് തുടങ്ങിയതെന്നും ഇത് ബോധ്യമായ സ്ഥിതിക്ക് ഉടമസ്ഥനെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ നഗരസഭ അധികൃതർ തയാറാകണമെന്നും പാർട്ടി ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങലിന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി നിവേദനം നൽകി. പ്രസിഡൻറ് കെ.പി. സുബൈർ, സെക്രട്ടറി പി. ശാക്കിർ, അസി. സെക്രട്ടറി കെ.ബി. അലി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.