മലപ്പുറം: തുടർച്ചയായി ഓട്ടോ സ്റ്റാൻഡുകളിൽ സംഘർഷങ്ങൾ ഉണ്ടാവുന്നത് പൊലീസിനും പൊല്ലാപ്പാവുകയാണ്. ഓട്ടോ സ്റ്റാൻഡുകളിൽ ഉണ്ടാവുന്ന തർക്കങ്ങൾ ചൂണ്ടിക്കാണിച്ച് മലപ്പുറം പൊലീസ് ബുധനാഴ്ച മലപ്പുറം ആർ.ടി.ഒക്ക് റിപോർട്ട് സമർപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് ഓട്ടോകളുടെ പാർക്കിങ്ങുമായി ബന്ധപ്പെട്ട് ‘മാധ്യമം’ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ പൊലീസ് ആർ.ടി.ഒക്ക് സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറത്ത് നടന്ന പ്രശ്നങ്ങൾ വിവരിച്ച് റിപ്പോർട്ട് നൽകുകയായിരുന്നു.
വെള്ളിയാഴ്ച ഇരുവിഭാഗം ഓട്ടോ തൊഴിലാളികളെയും ആർ.ടി.ഒ ചർച്ചക്ക് വിളിപ്പിച്ചിട്ടുണ്ട്. ചർച്ചയിൽ ഇരുകൂട്ടർക്കും അംഗീകരിക്കാൻ പറ്റുന്ന പരിഹാരം തേടുകയാവും അധികൃതരുടെ ലക്ഷ്യം. ഇത്തരം വിഷയങ്ങളിൽ ഉണ്ടാവുന്ന തർക്കങ്ങൾ സംഘർഷത്തിലേക്ക് പോകാതിരിക്കാനുള്ള നടപടികൾ മാത്രമേ പൊലീസിന് എടുക്കാനാവൂ എന്നും പെർമിറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആർ.ടി.ഒയാണ് തീരുമാനിക്കേണ്ടതെന്നും മലപ്പുറം പൊലീസ് ഇൻസ്പെക്ടർ ജോബി തോമസ് ‘മാധ്യമ’ത്തോട് പ്രതികരിച്ചു. നിയമപരമായി ഇലക്ട്രിക് ഓട്ടോകൾക്ക് ഏതു സ്റ്റാൻഡിലും പാർക്ക് ചെയ്ത് സർവിസ് നടത്താൻ അനുമതി ഉണ്ടെന്ന് മലപ്പുറം ആർ.ടി.ഒ സി.വി.എം. ഷരീഫ് പ്രതികരിച്ചു. എന്നാൽ ഇത് നിലവിലെ കേരളത്തിലെ ഓട്ടോ സംവിധാനത്തെ തകിടം മറിക്കുമെന്നതിനാൽ സർക്കാർ സംവിധാനങ്ങൾക്ക് ഡീസൽ-പെട്രോൾ ഓട്ടോ തൊഴിലാളികളെ അനുനയിപ്പിക്കാൻ കഴിയുമോയെന്ന് കാത്തിരുന്നു കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.